ഹൃത്വിക്ക് റോഷന്റെ കാബില്‍ മോഹന്‍ലാലിന്, കിംഗ് ഖാന്റെ റായിസ് രഞ്ജി പണിക്കര്‍ക്ക്

രഞ്ജി പണിക്കര്‍, മോഹന്‍ലാല്‍

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ഹൃത്വിക്ക് റോഷന്റെ കാബിലും, ഷാരുഖ് ഖാന്റെ റായിസും. രണ്ട് ബോളിവുഡ് ചിത്രങ്ങളെയും കേരളവും ഇരു കൈകളും നീട്ടി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

ഈ ചിത്രങ്ങള്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കായി എത്തിച്ചിരിക്കുന്നത് ആരൊക്കെയാണെന്ന് അറിഞ്ഞാല്‍ ഒരു പക്ഷേ ഞെട്ടിയേക്കാം. ഹൃത്വിക്ക് റോഷന്‍ അന്ധ വേഷത്തിലെത്തിയ കാബില്‍ കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയ താരം മോഹന്‍ലാലാണ്. ഷാരൂഖ് ഖാന്റെ റായിസാകട്ടെ മുന്‍പ് ക്യാമറയ്ക്ക് പിന്നിലും ഇപ്പോള്‍ വെള്ളിത്തിരയില്‍ താരമായിരിക്കുന്ന രഞ്ജി പണിക്കരാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.

മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബും ആശിര്‍വാദ് സിനിമാസുമാണ് കാബിലിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. രഞ്ജി പണിക്കരുടെ വിതരണ സംരംഭമായ ആര്‍പി എന്റര്‍ടെയിന്‍മെന്റ്‌സാണ് റായിസിന്റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്. രഞ്ജി പണിക്കര്‍ വിതരണം ചെയ്യുന്ന ആദ്യ ചിത്രമാണ് റായിസ്.

മറ്റ് രണ്ട് പേരുടെ കൂടെയാണ് താന്‍ ഈ സംരംഭംആരംഭിച്ചിരിക്കുന്നത് എന്ന് രഞ്ജി പണിക്കര്‍ പറയുന്നു. ഒരു വലിയ ചിത്രം ഏറ്റെടുത്ത് കൊണ്ട് വിതരണ രംഗത്തേക്ക് ചുവടു വെയ്ക്കണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് റായിസ് ഏറ്റെടുത്തത്. ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

കാബില്‍ ട്രയിലര്‍:

റായിസ് ട്രയിലര്‍:

DONT MISS
Top