ബാഹുബലി 2 ല്‍ പ്രൗഢഗംഭീരമായി വില്ല് കുലച്ച് പ്രഭാസും അനുഷ്‌കയും; പക്ഷെ അശ്രദ്ധയില്‍ പിണഞ്ഞ ‘അബദ്ധത്തെ’ വൈറലാക്കി സോഷ്യല്‍ മീഡിയ

ഏറെ കൊട്ടിഘോഷിച്ചെത്തുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ചിത്രമാണ് ബാഹുബലി. 180 കോടി മുടക്കി ചിത്രീകരിച്ച ബാഹുബലി ദി ബിഗിനിംഗ് എന്ന ചിത്രം 650 കോടി രൂപയോളമാണ് തീയേറ്ററുകളില്‍നിന്ന് വാരിയെടുത്തത്. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ചിലവ് കൂടിയ ചിത്രമായിരുന്നു ബാഹുബലി.

ബാഹുബലി പരമ്പരയിലെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നയുടനെ ജനശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ മാധ്യമങ്ങളും പോസ്റ്ററിന് വന്‍ പ്രാധാന്യം നല്‍കി. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കിക്കൊണ്ട് പോസ്റ്ററിലെ ഒരു പിഴവ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ബാഹുബലി എന്ന ചിത്രത്തിനുതന്നെ നാണക്കേടായി മാറി. ഇത്ര ശ്രദ്ധയില്ലാതെയാണോ ബാഹുബലി പോലുള്ള ഒരു ചിത്രത്തിന്റെ പോസ്റ്റര്‍ തയാറാക്കുന്നത് എന്ന ചോദ്യമാണ് സിനിമാ പ്രേമികള്‍ ഉയര്‍ത്തുന്നത്.

വില്ല് കുലച്ച് നില്‍ക്കുന്ന പ്രഭാസും അനുഷ്‌കയുമാണ് പോസ്റ്ററിലെ താരങ്ങള്‍. മൂന്ന് അമ്പുവീതം ഇരുവരും തൊടുക്കാന്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രഭാസ് അനുഷ്‌കയുടെ പിന്നിലാണ് നില്‍ക്കുന്നത്. എന്നാല്‍ പ്രഭാസിന്റെ വില്ലില്‍ ഉള്ള അമ്പുകള്‍ വച്ചിരിക്കുന്നത് അനുഷ്‌കയുടെ വില്ലിന് മുകളിലൂടെയും. 200 കോടി മുടക്കി എടുക്കുന്ന ഒരു ചിത്രം പുറത്തുവിടുന്ന ആദ്യ പോസ്റ്ററിലാണ് ഇത്രയും ബാലിശമായ തെറ്റുള്ളത്.

പ്രഭാസിനെത്തന്നെ നായകനാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെയാണ്. തമിഴിലും തെലുങ്കിലും ഉളള പതിപ്പുകള്‍ റിലീസിനെത്തും.

DONT MISS
Top