ക്യാച്ച് ‘നഷ്ടപ്പെടുത്തിയ’ റെയ്നയെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം

കാന്‍പൂര്‍: ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് ഒരു പ്രധാന ഘടകമാണ്. ബൗണ്ടറി ലക്ഷ്യമിട്ട് ബാറ്റ്‌സ്മാന്‍ അടിച്ചകറ്റുന്ന പന്തിനെ ഏത് വിധേനയും പ്രതിരോധിക്കുകയെന്നതാണ് ഒരു ഫീല്‍ഡറുടെ പ്രഥമ കര്‍ത്തവ്യം. പന്തിനെ പ്രതിരോധിക്കുന്നതിനും കീഴ്‌പെടുത്തുന്നതിനുമായി ഫീല്‍ഡര്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും ഒരു അമാനുഷിക സ്വഭാവം നേടി കൊടുക്കാറുമുണ്ട്. ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റ് ട്വന്റി മത്സരത്തിലും ഇത്തരത്തില്‍ സൂപ്പര്‍മാന്‍ പരിവേഷമാണ് സുരേഷ് റെയ്‌നയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം കീഴടക്കാന്‍ അനായാസം മുന്നേറിയ ഇംഗ്ലണ്ടിനെ കടിഞ്ഞാണിടാന്‍ പാടുപെടുന്ന ഇന്ത്യന്‍ നിരയെയാണ് ഇന്നലെ കണ്ടത്. ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പായിച്ചതോടെ ഫീല്‍ഡര്‍മാരിലും സമ്മര്‍ദ്ദം നിഴലിക്കുകയായിരുന്നു. ഇതിനിടയിലാണ് റെയ്‌നയുടെ അവിശ്വസനീയമായ ഫീല്‍ഡിംഗ്.

യൂസ്വേന്ദ്ര ചഹലിന്റെ പന്തിനെ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ ലോംങ്ങ് ഓണിലേക്ക് ഉയര്‍ത്തിയത് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിലേക്ക് 6 കൂടി ചേര്‍ക്കുമെന്ന പ്രതീതി നല്‍കി. എന്നാല്‍ ഇടക്കയ്ക്ക് എവിടെയോ ഷോട്ട് റെയ്‌നയുടെ കൈയില്‍ ഒതുങ്ങുമെന്ന തോന്നലും ഉളവാക്കി. പിന്നാലെ ബൗണ്ടറിക്ക് പുറത്തേക്ക് പോകുന്ന പന്തിനെ റെയ്‌ന വിജയകരമായി ചാടിയെടുക്കുകയായിരുന്നു. പക്ഷെ വീഴ്ചയില്‍ ബാലന്‍സ് നഷ്ടപ്പെട്ട റെയ്‌ന പന്തിനെ തിരികെ ഗ്രൗണ്ടിലേക്ക് എറിയുന്ന ദൃശ്യങ്ങളാണ് അവിശ്വസനീയമായി തുടരുന്നത്.

ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്തിയ സുരേഷ് റെയ്‌നയായിരുന്നു ഇന്ത്യന്‍ നിരയില്‍ ഇന്നലെ തിളങ്ങിയത്. 2016 ട്വന്റി-ട്വന്റി ലോകകപ്പിന് ശേഷം പരുക്കുകളെ തുടര്‍ന്ന കളം നഷ്ടപ്പെട്ട സുരേഷ് റെയ്‌ന രാജകീയമായി തന്നെയാണ് ഇന്നലെ കളിച്ചതും. നേരത്തെ, 23 പന്തില്‍ നിന്നായി സുരേഷ് റെയ്‌ന അടിച്ചെടുത്ത 34 റണ്‍സ് മികവിലാണ് ഇന്ത്യ 147 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.

DONT MISS
Top