ഞാന്‍ ഒരു ഇന്ത്യന്‍ പൗരന്‍!; മതമേതെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സല്‍മാന്‍ഖാന്‍ നല്‍കിയ മറുപടി ഹിറ്റ്

ജോധ്പൂര്‍: സിനിമയില്‍ കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ ത്രസിപ്പിക്കുന്ന നടന്മാര്‍ക്ക് പഞ്ഞമില്ലാത്ത നടാണ് നമ്മുടേത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നടന്മാരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് മാസ് ഡയലോഗുകള്‍ പ്രയോഗിക്കുന്നത്. ഇന്ന് ജോധ്പൂര്‍ കോടതിയില്‍ വിവാദ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയും ഇത്തരത്തില്‍ ഒരു മാസ് ഡയലോഗായി മാറിയിരിക്കുകയാണ്.

1998 ലെ സിനിമാ ചിത്രീകരണത്തിനിടെ മാനിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ വിചാരണ നടക്കവെയാണ് സല്‍മാന്‍ ഖാന്‍ കൈയടി നേടിയിരിക്കുന്നത്. വിചാരണ ആംരഭിക്കുന്നതിന് മുന്നോടിയായി മതം ഏതെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ പറഞ്ഞ ഉത്തരമാണ് ശ്രദ്ധ നേടിയത്.

ഞാന്‍ ഒരു ഇന്ത്യന്‍ പൗരനാണ് എന്ന ഉത്തരമാണ് ചോദ്യത്തിനായി സല്‍മാന്‍ ഖാന്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ താന്‍ ഇന്ത്യാക്കാരനാണെന്ന മറുപടി സല്‍മാന്‍ ഖാന്‍ കോടതിയില്‍ നല്‍കിയിരുന്നു. ഹം സാത്ത് സാത്ത് ഹേ എന്ന സിനിമാ ചിത്രീകരണത്തിനിടെ സല്‍മാന്‍ ഖാനും സംഘവും നടത്തിയ മാന്‍വേട്ടയുമായി ബന്ധപ്പെട്ട് 65 ചോദ്യങ്ങളാണ് പ്രോസിക്യൂഷന്‍ ഇന്ന് ചോദിച്ചത്.

താന്‍ നിരപരാധിയാണെന്ന് സല്‍മാന്‍ ഖാന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. സല്‍മാന്‍ ഖാനൊപ്പം സെയ്ഫ് അലിഖാന്‍, തബു, സോനാലി ബേന്ദ്ര, നീലം എന്നിവരും കോടതിയില്‍ എത്തിയിരുന്നു.

മാന്‍വേട്ട കേസില്‍ 28 ദൃക്‌സാക്ഷികളില്‍ നിന്നുമായി ലഭിച്ച സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് സല്‍മാന്‍ ഖാനെ ചോദ്യം ചെയ്തത്. ചിങ്കാര മാനിനെ വേട്ടയാടിയ കേസില്‍ കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.

DONT MISS
Top