കാണ്‍പൂര്‍, ഹിരാഖണ്ഡ് തീവണ്ടിയപകടങ്ങള്‍ എന്‍ഐഎ അന്വേഷിക്കും

പ്രതീകാത്മക ചിത്രം

ദില്ലി: അടുത്തിടെയുണ്ടായ കാണ്‍പൂരിലേയും ആന്ധ്രാപ്രദേശിലെ കുനേരുവിലേയും തീവണ്ടിയപകടങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്. എന്‍ഐഎയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം.

ഞായറാഴ്ചയാണ് കുനേരുവില്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയത്. 32-ഓളം പേരാണ് അപകടത്തില്‍ മരിച്ചത്. 50-ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ഭുവനേശ്വറില്‍ നിന്ന് ജഗദല്‍പൂരിലേക്ക് പോകുന്ന തീവണ്ടിയാണ് അപകടത്തില്‍ പെട്ടത്.

കാണ്‍പൂരിലെ തീവണ്ടിയപകടത്തില്‍ 142 പേരാണ് കൊല്ലപ്പെട്ടത്. ഡിസംബറിലാണ് അപകടം ഉണ്ടായത്. അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്.

ഐഎസ്‌ഐയുമായി ബന്ധമുള്ള മൂന്ന് പേരെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് അപകടങ്ങള്‍ക്ക് പിന്നിലുള്ള അട്ടിമറി സാധ്യതയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉണ്ടായ തീവണ്ടി അപകടവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

DONT MISS
Top