മൈക്കിള്‍ ജാക്‌സണെ കൊലപ്പെടുത്തിയതാണെന്ന് മകള്‍; താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പാരിസ് ജാക്‌സണ്‍

പാരിസ് ജാക്സണ്‍, മൈക്കിള്‍ ജാക്സണ്‍

പ്രശസ്ത പോപ്പ് താരം മൈക്കള്‍ ജാക്‌സണ്‍ മരിച്ച് എട്ട് കൊല്ലമാകുമ്പോള്‍ വിവാദ വെളിപ്പെടുത്തലുമായി മകള്‍ പാരിസ് ജാക്‌സണ്‍ രംഗത്ത്. തന്റെ പിതാവിന്റെ മരണം കൊലപാതകമാണെന്നാണ് പാരിസ് പറയുന്നത്. ‘റോളിംഗ് സ്‌റ്റോണ്‍’ എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മൈക്കിള്‍ ജാക്‌സന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മറേ മരുന്നുകള്‍ ഓവര്‍ഡോസായാണ് നല്‍കിയിരുന്നത് എന്ന് തനിക്കറിയാം. എന്നാല്‍ കൊലപാതകം നടത്തിയത് ഇദ്ദേഹമല്ല. മറ്റാരൊക്കെയോ ആസൂത്രണം ചെയ്താണ് പിതാവിന്റെ കൊലപാതകം അതി വിദഗ്ധമായി നടപ്പിലാക്കിയത്. കുടുംബക്കാരെ പോലെ വന്നെ ജാക്‌സന്റെ ആരാധകര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം. വലിയ ഗൂഡാലോചനയാണ് ഇതിന് പിന്നില്‍ നടന്നിട്ടുള്ളതെന്നും പാരിസ് പറയുന്നു.

പിതാവ് മൈക്കിള്‍ ജാക്‌സണെ പോലെ തനിക്കും കൗമാരപ്രായത്തില്‍ വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നും പാരിസ് ജാക്‌സണ്‍ പറഞ്ഞു. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു വൃദ്ധനാണ് 14 വയസ് മാത്രമുള്ള തന്നെ ലൈംഗികമായി ചൂഷണം ചെയ്തത്. തന്റെ മാനസികാവസ്ഥയെ ഇത് പ്രതികൂലമായി ബാധിച്ചു. വളരെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് താന്‍ വിഷാദ രോഗത്തില്‍ നിന്ന് മുക്തയായത് എന്നും പാരിസ് പറയുന്നു.

നാല് തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അവസാന ശ്രമം പരാജയപ്പെട്ടപ്പോഴാണ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയ്ക്കായി പോയത്. ജീവിതം ആസ്വദിക്കുകയാണ് ഇനി തന്റെ ലക്ഷ്യം. കൂടുതലായി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നും മോഡല്‍ കൂടിയായ പാരിസ് ജാക്‌സണ്‍ പറയുന്നു. മൈക്കിള്‍ ജാക്‌സണ്‍ തന്റെ ‘ബീറ്റ് ഇറ്റ്’ എന്ന ഗാനം റെക്കോര്‍ഡ് ചെയ്ത സ്റ്റുഡിയോയിലാണ് പാരിസ് ജാക്‌സണ്‍ ഇപ്പോള്‍ താമസിക്കുന്നത്.

‘ബീറ്റ് ഇറ്റ്’ കാണാം:

DONT MISS
Top