നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍ മഴ ലഭിച്ചോ? Rain കമന്റിന് പിന്നിലെ കഥ ഇങ്ങനെ

കഴിഞ്ഞ കുറച്ച് ദിവസമായി ഫെയ്‌സ്ബുക്കില്‍ മലയാളികള്‍ മഴയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. തലങ്ങും വിലങ്ങും പോസ്റ്റുകള്‍ക്ക് കീഴെ റെയിന്‍ എന്ന് അടിച്ച് മഴയ്ക്ക് കാത്തിരിക്കുന്നത് കണ്ടാല്‍ വേഴാമ്പല്‍ പോലും ഒരു പക്ഷെ സഹിക്കില്ല. എന്നാല്‍ ആര്‍ക്കെങ്കിലും മഴ കിട്ടിയോ? ഇതാണ് ഇന്ന് ഫെയ്‌സ്ബുക്കില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം. ഏതോ വിരുതന്റെ തലയില്‍ വിരിഞ്ഞ തമാശ മാത്രമാണ് Rain കമന്റ്. പുതുവത്സരത്തില്‍ വെടിക്കെട്ട് നല്‍കി ഞെട്ടിച്ച സുക്കര്‍ബര്‍ഗിനെ കൂട്ടുപിടിച്ചായിരുന്നു ഈ തമാശ അരങ്ങേറിയത്.

ആദ്യം Rain എന്ന് കമന്റ് ചെയ്താല്‍ ഫെയ്‌സ്ബുക്കില്‍ മഴ കാണാം എന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇതിന് പിന്നാലെ വന്‍ തോതില്‍ Rain കമ്മന്റുകള്‍ കുമിഞ്ഞപ്പോല്‍ ദേ വരുന്നൂ അടുത്ത നിബന്ധന. പോസ്റ്റുകള്‍ക്ക് ലൈക്ക് അടിച്ചതിന് ശേഷം Rain എന്ന് കമന്റ് ചെയ്താല്‍ മാത്രമെ മഴ ലഭിക്കുകയുള്ളു. എന്നാല്‍ സംഭവം അവിടെയും തീര്‍ന്നില്ല. മഴ കണ്ടിട്ടേ പോകൂ എന്ന വാശി ഫെയ്‌സ്ബുക്കില്‍ സുശക്തമായി തുടര്‍ന്നതോടെ അടുത്ത നിര്‍ദ്ദേശം ലഭിച്ചു. ലൈക്ക് അടിച്ചതിന് ശേഷം @rain, #rain എന്നിവ അടിച്ചാല്‍ മാത്രമെ സുക്കര്‍ബര്‍ഗിന്റെ മഴ കാണാന്‍ സാധിക്കുകയുള്ളൂവെന്ന പുതിയ പ്രചരണവും ഹിറ്റായി. ഇതിന് ചുവട് പിടിച്ച് ട്രോള്‍ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ഫെയ്സ്ബുക്കില്‍ മഴ പെയ്യുന്ന ചിത്രങ്ങള്‍  പ്രചരിച്ചതോടെ സംഭവം സത്യമാണെന്ന് മിക്കവരും തെറ്റിദ്ധരിച്ചു.

എന്തായാലും ആരോ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ തുടങ്ങിയ ഈ പറ്റിപ്പ് പരിപാടി മറ്റുള്ളവര്‍ വിജയകരമായി ഏറ്റ് പിടിച്ചതോടെ സംഭവം വൈറലാവുകയായിരുന്നു. നേരത്തെ, പുതുവര്‍ഷത്തില്‍ സുക്കര്‍ബര്‍ഗ് കാഴ്ചവെച്ച ഫെയ്‌സ്ബുക്ക് വെടിക്കെട്ടിന്റെ ഹാങ്ങ് ഓവര്‍ മാറുന്നതിന് മുന്നേയാണ് പുത്തന്‍ മഴ തമാശ അരങ്ങേറിയിരിക്കുന്നത്.

DONT MISS
Top