മരുന്നു നിര്‍മ്മാണത്തിന് കൊടും വിഷമുള്ള എട്ടുകാലികളെ പിടിച്ചു നല്‍കണമെന്ന് മൃഗശാല അധികൃതര്‍; കടിയേല്‍ക്കാതെ പിടിക്കാന്‍ വീഡിയോയും പുറത്തിറക്കി

ഫ്യൂണല്‍ വെബ് എട്ടുകാലി

ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിലൊന്നാണ് എട്ടുകാലികള്‍. പാമ്പുകള്‍ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ വിഷം വമിപ്പിക്കുന്ന എട്ടുകാലികളുണ്ട്. അത്തരമൊന്നാണ് ഓസ്‌ട്രേലിയയിലെ ഫ്യൂണല്‍ വെബ് എട്ടുകാലികള്‍. ഇവ അത്ര സാധാരണമായി കാണപ്പെടുന്ന ഒന്നല്ല. എന്നാല്‍ കണ്ടുകിട്ടിയാല്‍ വെറുതെയങ്ങ് വിടുകയും വേണ്ട എന്നാണ് ഇപ്പോള്‍ ചില വിദേശ മാധ്യമങ്ങള്‍ പറയുന്നത്.

ആരും ഭയക്കുന്ന ഇവനെ പിടികൂടാന്‍ ജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ‘ ഓസ്‌ട്രേലിയന്‍ റെപ്റ്റയില്‍ പാര്‍ക്ക്’ എന്ന മൃഗശാല. എന്തിനാണെന്നല്ലേ, ഫ്യൂണല്‍ വെബ് എട്ടുകാലികളുടെ വിഷത്തിന് വന്‍ ആവശ്യകതയാണ് മരുന്നു നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്നത്. പാമ്പിന്‍ വിഷത്തിനുപോലും മറുമരുന്ന് നിര്‍മിക്കാന്‍ ഈ വിഷം ഉപകരിക്കിക്കും. ഈ വിഷത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായാണ് ഫ്യൂണല്‍ വെബ് എട്ടുകാലികളെ പിടിച്ചുതരാമോ എന്ന് അധികൃതര്‍ ജനങ്ങളോടാരാഞ്ഞിരിക്കുന്നത്.

സുരക്ഷിതമായി ഇത്തരം എട്ടുകാലികളെ പിടികൂടുന്നത് എങ്ങനെയെന്ന് കാണിച്ച് ഒരു വീഡിയോയും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും ഇത്തരമൊരു സാഹസത്തിന് പൊതുജനങ്ങള്‍ മുതിരാന്‍ സാധ്യത കുറവാണ്. കാരണം ഇവന്‍ അറിഞ്ഞൊന്നു കടിച്ചാല്‍ മനുഷ്യന്റെ ഇഹലോകവാസം അവസാനിക്കാന്‍ 15 മിനിട്ട് സമയം ധാരാളമാണ്. കടിയേറ്റാല്‍ ആദ്യം എന്തുചെയ്യണം എന്നും വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്.

DONT MISS
Top