‘ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല’; ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ കാത്തിരുന്ന് കാണാമെന്ന് പോപ് ഫ്രാന്‍സിസ്

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ ‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ വിജയത്തെ ഹിറ്റലറുടെ വിജയ സാഹചര്യവുമായി പരോക്ഷമായി താരതമ്യം ചെയ്ത് പോപ് ഫ്രാന്‍സിസ്. അതേസമയം സ്ഥാനമേറ്റ ഡോണൾഡ് ട്രംപിനെക്കുറിച്ച് ഇപ്പോൾ അഭിപ്രായമൊന്നും പറയുന്നില്ലെന്ന് പോപ് വ്യക്തമാക്കി.  പ്രസിഡന്റെന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കണ്ടശേഷം പ്രതികരിക്കാമെന്നും പോപ്  ഫ്രാൻസിസ് പറഞ്ഞു. വിവിധ പ്രശ്നങ്ങളെ ട്രംപ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു കാത്തിരുന്നു കാണാമെന്നും നേരത്തേതന്നെ ഒരാളെ വിധിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പാനിഷ് ദിനപത്രമായ എൽ പായിസിനു നൽകിയ അഭിമുഖത്തിലാണു പോപ് നിലപാടു വ്യക്തമാക്കിയത്.

യൂറോപ്പിലും അമേരിക്കയിലും വ്യാപകമാകുന്ന ‘പ്രീണന രാഷ്ട്രീയ’ത്തിനെതിരെയും മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ച് പോപ് പരോക്ഷ സൂചന നല്‍കിയത്. രാഷ്ട്രീയ അരക്ഷിതാവസ്ഥ അനാവശ്യ ഭയത്തിലേക്കും സംഘർഷത്തിലേക്കും നയിക്കുമെന്ന് പോപ് പറഞ്ഞു. യൂറോപ്യൻ പ്രീണന രാഷ്ട്രീയത്തിന്റെ ഏറ്റവും കൃത്യമായ ഉദാഹരണം 1933ൽ ജർമനിയിൽ ഹിറ്റ്ലർ അധികാരത്തിലെത്തിയ സംഭവമാണെന്നും പോപ് അഭിപ്രായപ്പെട്ടു.

ജർമനി അന്നു തീർത്തും തകർന്നു തരിപ്പണമായിരുന്നു. അതിൽനിന്നു തിരിച്ചുവരാനും സ്വന്തം സ്വത്വം തിരിച്ചുപിടിക്കാനും നഷ്ടമായതെല്ലാം വീണ്ടെടുക്കാനും മികച്ചൊരു നേതാവിനെ അവർക്ക് ആവശ്യമായിരുന്നു. അങ്ങനെയാണു കരുത്തനായ യുവ നേതാവെന്ന നിലയിൽ അഡോൾഫ് ഹിറ്റ്ലറിന്റെ ഉദയം. ജർമൻകാരെല്ലാം ഒന്നടങ്കം ഹിറ്റ്ലറിനു പിന്നിൽ അണിനിരന്നു. ഹിറ്റ്ലർ അധികാരം പിടിച്ചുവാങ്ങിയതല്ല. ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തതാണ്. എന്നിട്ടും അദ്ദേഹം തന്റെ ജനങ്ങളെ തകർത്തുകളഞ്ഞു – പോപ് ചൂണ്ടിക്കാട്ടി.

അതേസമയം ഡോണള്‍ഡ് ട്രംപിനെ വിലയിരുത്താന്‍ സമയമായില്ലെന്നാണ് കത്തോലിക്കാ സഭാധിപന്‍ പോപ് ഫ്രാന്‍സിസ് പറഞ്ഞു. രാഷ്ട്രീയ അരക്ഷിതാവസ്ഥ ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളുടെ പിറവിക്കു കാരണമാകുമെന്നും പോപ് മുന്നറിയിപ്പു നൽകി. വിദേശികൾ രാജ്യത്തു പ്രവേശിക്കുന്നതു തടയാൻ മതിലുകളും വൈദ്യുതിവേലിയും ഉപയോഗിക്കുന്നതിനെയും പോപ് ഫ്രാന്‍സിസ് വിമർശിച്ചു. അധികാരത്തിലെത്തിയാൽ മെക്സിക്കോയിൽനിന്നു അമേരിക്കയിലേക്കുള്ള അഭയാർഥി പ്രവാഹം തടയാൻ അതിർത്തിയിൽ മതിൽ നിർമിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഇത്തരം നിലപാടുകളെ പോപ് വിമർശിച്ചു. ഇത്തരം നിലപാടുള്ളവരെ ക്രിസ്ത്യാനിയായി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

DONT MISS
Top