റേഞ്ച് റോവറിന്റെ പരിണാമങ്ങള്‍ അന്നുമുതല്‍; ലാന്‍ഡ് റോവര്‍ പുറത്തുവിട്ട വീഡിയോ ശ്രദ്ധേയമാകുന്നു

റേഞ്ച് റോവര്‍

എസ്‌യുവികള്‍ നിര്‍മിക്കുന്നവരുടെ കൂട്ടത്തില്‍ എറ്റവും തലയെടുപ്പോടെ നില്‍ക്കുന്ന കമ്പനികളിലൊന്നാണ് ലാന്‍ഡ് റോവര്‍. നിര്‍മാണം തുടങ്ങിയ കാലം മുതലേ എസ്‌യുവികള്‍ മാത്രമാണ് ലാന്‍ഡ് റോവര്‍ പുറത്തിറക്കിപ്പോന്നത്. കാറുകള്‍ നിര്‍മിക്കാന്‍ ജാഗ്വര്‍ എന്ന സഹോദരന്‍ ഉള്ളതിനാലാവാം ഇന്നും എസ്‌യുവികളില്‍ കാലത്തിനനുസരിച്ചുള്ള സുരക്ഷയും പ്രൗഢിയും ആഡംബരവും കൊണ്ടുവരാനാണ്കമ്പനി തങ്ങളുടെ സര്‍വ ശ്രദ്ധയും കൊടുക്കുന്നത്. ഏറ്റവും ആഢംബരപൂര്‍ണമായ എസ്‌യുവി ഉണ്ടാക്കുന്നവര്‍ എന്ന തങ്ങളുടെ സല്‍പ്പേരിന് ഒരിളക്കവും തട്ടുന്നത് കമ്പനി ഇഷ്ടപ്പെടുന്നില്ല.

ലാന്‍ഡ് റോവറിന്റെ ആഢംബര അഴകളവുകളുടെ പൂര്‍ണതയാണ് റേഞ്ച് റോവര്‍ എന്ന മോഡല്‍. 1970ല്‍ അവതരിച്ച് ലോകമെമ്പാടുമുള്ള എസ്‌യുവി പ്രേമികളുടെ ഹൃദയം കീഴടക്കിയ ഓഫ് റോഡിന്റെ രാജകുമാരന്‍. കുത്തനെയുള്ള കയറ്റിറക്കങ്ങളേയും ബോണറ്റിനൊപ്പമെത്തുന്ന വെള്ളക്കെട്ടിനേയും പൂ പറിക്കുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യുന്നവന്‍, ഒപ്പം ആഢംബരത്തില്‍ മികച്ചവരില്‍ മികച്ചവന്‍. റേഞ്ച് റോവറിനെ വിശേഷിപ്പിക്കാനാണെങ്കില്‍ അങ്ങനെ ഒരുപാടുണ്ട്. റേഞ്ച് റോവറിന്റെ ഈ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ലാന്‍ഡ് റോവര്‍ കമ്പനി.

എസ്‌യുവികളില്‍ ആദ്യമായി ഫോര്‍വീല്‍ ഡ്രൈവ് കൊണ്ടുവന്നതും കാറിന്റേതിനു സമാനമായി നാലു ഡോറുകള്‍ അവതരിപ്പിച്ചതും ഒരു 4×4 വാഹനത്തിന് 1989ല്‍ തന്നെ എബിഎസ് കൊണ്ടുവന്നതുമെല്ലാം റേഞ്ച് റോവറിന്റെ കിരീടത്തിലെ പൊന്‍തൂവലുകളാണ്. 1992ല്‍ ആദ്യ ഇലക്ട്രിക് ട്രാക്ഷന്‍ നിയന്ത്രണവും ഓട്ടോമാറ്റിക് എയര്‍ സസ്‌പെന്‍ഷനും കൊണ്ടുവന്ന ആദ്യ എസ്‌യുവിയായി. അലുമിനിയം ബോഡി കൊണ്ടുവന്നതും ഓടുന്ന പ്രതലമറിഞ്ഞ് സ്വയനിയന്ത്രണ സംവിധാനം അവതരിപ്പിച്ചതുമെല്ലാം വീഡിയോയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.

ലാന്‍ഡ് റോവറിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ വാഹന പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

DONT MISS
Top