‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് തന്നെ മാതൃക’; ജെല്ലിക്കെട്ട് പ്രക്ഷോഭകരെ അഭിനന്ദിച്ച് മമ്മൂട്ടി (വീഡിയോ)

ജല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തെ   പിന്തുണച്ച് നടന്‍ മമ്മൂട്ടിയും.ജല്ലിക്കെട്ട് പ്രക്ഷോഭവും ഈ കൂട്ടായ്മയും ഇന്ത്യയ്ക്ക് തന്നെ മാതൃകയെന്ന് മമ്മൂട്ടി പറഞ്ഞു.

ഒരു രാഷ്ട്രീയ കക്ഷിയുടേയും ചുവടുപിടിക്കാതെ ഒരു നേതാക്കളുടേയും നിര്‍ദ്ദേശമില്ലാതെ ജാതിയുടേയോ മതത്തിന്റേയോ പിന്‍ബലമില്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം നാടിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ വേണ്ടി പ്രയത്‌നിക്കുന്നത്. ഈ രീതി രാജ്യത്തിനു മുഴുവന്‍ മാതൃകയാക്കാവുന്നതാണെന്നും പ്രക്ഷോഭത്തില്‍ അണിനിരന്ന സുഹൃത്തുക്കളെ അഭിനന്ദിക്കുന്നതായും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

തമിഴ് സൂപ്പര്‍ താരം രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, തൃഷ്, എആര്‍ റഹ്മാന്‍, ധനുഷ് അജിത്ത് തുടങ്ങിയ താരങ്ങളും നേരത്തെ പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടായതിനെ തുടര്‍ന്ന് ജെല്ലിക്കെട്ട് പ്രക്ഷോഭം അവസാനിക്കാനാണ് സാധ്യത.

തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജല്ലിക്കെട്ട് വിഷയത്തില്‍ ഒരാഴ്ച വരെ വിധി പ്രസ്താവിക്കരുതെന്ന കേന്ദ്രത്തിന്റെ ആവശ്യം ഇന്നലെ സുപ്രിംകോടതി അംഗീകരിച്ചിരുന്നു.  ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പിലാണ് ആറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ഗി ജല്ലിക്കെട്ട് വിഷയം ഉന്നയിച്ചത്. ജല്ലിക്കെട്ട് തമിഴ്‌നാടിന്റെ വികാരമാണെന്നും സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ വിഷയം പരിഹരിക്കാന്‍ ശ്രമിച്ച് വരികയാണെന്നും മുകുള്‍ റോഹ്ത്ഗി ഇന്നലെ അറിയിച്ചിരുന്നു.

 ജല്ലിക്കെട്ട് നിരോധനത്തിനെതിരെ സംസ്ഥാനത്തെ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. ജല്ലിക്കെട്ട് പുനരാരംഭിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് ഇവര്‍. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
DONT MISS
Top