ഭക്ഷണത്തിനായി കേഴുന്ന കരടികള്‍; ഇന്തോനേഷ്യന്‍ മൃഗശാലയില്‍നിന്നുള്ള വീഡിയോ മൃഗസ്‌നേഹികളെ കണ്ണീരണിയിക്കുന്നു

പ്രതീകാത്മക ചിത്രം

മൃഗങ്ങളുടെ തടവറയാണ് മൃഗശാലകള്‍. തെറ്റാണെന്നറിഞ്ഞുതന്നെ ജീവികളെ അവയുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയില്‍ ജീവിക്കാനനുവദിക്കാതെ നാം നമ്മുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി കൂടുകളില്‍ ബന്ധിച്ചും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും വളര്‍ത്തുന്നു. സാധാരണ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും ജീവികളെ കാണുവാനും അവയേപ്പറ്റി പഠിക്കാനുമാണ് നാം ഇതു ചെയ്യുന്നത്. എന്നാല്‍ മൃഗശാലകളില്‍ മൃഗങ്ങളെ പീഡിപ്പിക്കുകമാത്രമാണ് ചെയ്യുന്നതെങ്കിലോ? അവയ്ക്ക് ഭക്ഷണം കൊടുക്കാതെ അവയെ ദുരിതത്തിലാഴ്ത്തിയാലോ ? എത്രയും വേഗം അത്തരത്തിലുള്ള മൃഗശാലകള്‍ക്ക് പൂട്ടുവീഴിക്കാനാണ് അധികൃതരും ജനങ്ങളും മുന്‍കൈ എടുക്കേണ്ടത്. അങ്ങനെയൊന്നാണ് ഇന്തോനേഷ്യയിലെ ബന്ദുങ്ങ് മൃഗശാല. ഇവിടെനിന്ന് പുറത്തുവന്ന ദൃശ്യം ഏതൊരു മനുഷ്യന്റേയും കണ്ണുനനയിക്കാന്‍ പോന്നതാണ്.

കൂട്ടിലുള്ള കരടികള്‍ രണ്ടുകാലില്‍ എഴുന്നേറ്റ് നിന്ന് ചുറ്റും തങ്ങളെ കാണാന്‍ വന്നിരിക്കുന്ന ജനങ്ങളെ രണ്ടെുകയ്യും ഉയര്‍ത്തി എന്തോ ആംഗ്യം കാണിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അപ്പോള്‍ കാണികള്‍ ഇട്ടുകൊടുത്ത എന്തോ ഒന്ന് അവിടെ വീഴുന്നു. കരടി അതു ഭക്ഷിച്ച ശേഷം വീണ്ടും കൈ ഉയര്‍ത്തി കേഴുന്നു. മറ്റെല്ലാ കരടികളും ഇതു തന്നെ ആവര്‍ത്തിക്കുന്നു. മെലിഞ്ഞ് എല്ലുന്തിയ കരടികളാണ് ഇവയെല്ലാം. സാധാരണ വേണ്ടതായ വലിപ്പത്തിന്റെ മൂന്നിലൊന്നുപോലും വലിപ്പമില്ല കരടികള്‍ക്കൊന്നും. വിശന്നിട്ട് സ്വന്തം വിസര്‍ജ്യം പോലും ഭക്ഷിക്കാന്‍ കരടികള്‍ നിര്‍ബന്ധിതരാകുന്ന ദൃശ്യവും കാഴ്ച്ചക്കാരനെ നോവിക്കും.

സാധാരണ കരടികള്‍ പ്രകോപിതരാകുമ്പോഴാണ് രണ്ടുകാലില്‍ എഴുന്നേറ്റ് നില്‍ക്കാറ്. മറ്റു ഗത്യന്തരമൊന്നുമില്ലാതെ വിശപ്പിന്റെ ഫലമായാണ് കരടികള്‍ ഈ ദൃശ്യത്തില്‍ എഴുന്നേറ്റുനിന്ന് കേഴുന്നത്. എന്തായാലും രണ്ടര ലക്ഷം ആളുകളുടെ പിന്തുണയോടെ ഒരു ഓണ്‍ലൈന്‍ പരാതി മൃഗശാലയ്‌ക്കെതിരെ മൃഗസ്‌നേഹികള്‍ ഉന്നയിച്ചിട്ടുണ്ട്. ബന്ദുങ്ങ് മൃഗശാലയ്ക്ക് ഉടനെ പൂട്ടുവീഴും എന്ന പ്രതീക്ഷയിലാണ് ഓണ്‍ലൈന്‍ ലോകം.

DONT MISS
Top