‘നന്ദി, ഒരായിരം നന്ദി’; ഹാട്രിക് ഹിറ്റില്‍ മനം നിറഞ്ഞ് മോഹന്‍ലാല്‍

പ്രതീകാത്മക ചിത്രം

മോഹന്‍ലാല്‍ എന്ന താരം ബോക്‌സോഫീസിനെ പ്രകമ്പനം കൊള്ളിച്ച വര്‍ഷമായിരുന്നു 2016. ഒരു നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും അദ്ദേഹം എന്നെന്നും ഓര്‍ക്കാനിഷ്ടപ്പെടുന്ന വര്‍ഷം. ആ കുതിപ്പ് ഈ വര്‍ഷവും തുടരുകയാണ്. റിലീസ് മാറ്റിവയ്ക്കപ്പെട്ടെങ്കിലും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ പുറത്തിറങ്ങി ആദ്യ ഷോ കഴിഞ്ഞപ്പോഴേ അതിന്റെ ജാതകം കുറിക്കപ്പെട്ടുകഴിഞ്ഞു. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റിലേക്കു മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ കുതിക്കുന്ന ഈ അവസരത്തില്‍ ആരാധകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ ഔദ്യോകിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് അറിയിച്ചത്.

നല്ല സിനിമകളോടുള്ള നിങ്ങളുടെ അടങ്ങാത്ത ആഗ്രഹവും സ്‌നേഹവുമാണ് സിനിമയുടെ വിജയത്തിന് കാരണമായത്. സിനിമയെ അംഗീകരിച്ചതിന് എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നുള്ള നന്ദി അറിയിക്കുന്നു. അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ജിബു ജേക്കബ്, നിര്‍മാതാവ് സോഫിയ പോള്‍, തിരക്കഥാകൃത്ത് സിന്ധുരാജ് എന്നിവര്‍ക്കും സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ലാല്‍ നന്ദിയറിയിച്ചു.

വിജെ ജയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിന്ധുരാജ് സിനിമ വികസിപ്പിച്ചത്. സംഗീതം ബിജിബാലും എം ജയചന്ദ്രനും ചേര്‍ന്നാണൊരുക്കിയിരിക്കുന്നത്. നിര്‍മാണ കമ്പനിയായ വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ഇന്നലെ ഇന്ത്യയെമ്പാടുമുള്ള 337 തീയേറ്ററുകളില്‍ സിനിമയെത്തിച്ചത്. എല്ലാ റിലീസ് സെന്ററുകളിലും മികച്ച റിപ്പോര്‍ട്ടാണ് ചിത്രത്തിന് ലഭിച്ചത്. മുന്തിരിവള്ളികള്‍ റിലീസ് ചെയ്തതിന്റെ തലേന്ന് റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട്-ദുല്‍ഖര്‍ ടീമിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ ശരാശരിയിലൊതുങ്ങി. സിങ്കം 3നും റയീസിനും കാബിലിനും മുമ്പേ നേടാവുന്നതിന്റെ പരമാവധി നേടുക എന്നതാണ് ഇരു സിനിമകളും ലക്ഷ്യം വയ്ക്കുന്നത്. തീയേറ്റര്‍ എക്‌സിബിറ്റേഴ്‌സ് സമരം അവസാനിപ്പിച്ചിട്ടും അതുണ്ടാക്കിയ നഷ്ടം മലയാള സിനിമയെ ഞെരുക്കുകയാണ്.

DONT MISS
Top