ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് അല്ല, ലഷ്കര്‍ ഇ ത്വയിബയെന്ന് ദേശീയ അന്വേഷണ ഏജന്‍സി

ദില്ലി: ഉറി ഭീകരാക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് അല്ല, ലഷ്കര്‍ ഇ ത്വയിബയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഉറി സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ഒപ്പം, ഹന്ദ്വാര സൈനിക കേന്ദ്രത്തിലുമുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും ലഷ്കര്‍ ഇ ത്വയിബയാണെന്ന് എന്‍ഐഎ അറിയിച്ചു.

ഹന്ദ്വാര സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയ നാല് ഭീകരരില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നതായും മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഹന്ദ്വാരയിലെ 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലേക്ക് ഭീകരര്‍ ആക്രമണം നടത്തിയത്. ഭീകരരില്‍ മൂന്ന് പേരെ സൈന്യം വധിച്ചെങ്കിലും ഒരാള്‍ രക്ഷപ്പെട്ടിരുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു 18 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഉറി ഭീകരാക്രമണം നടന്നത്. ഈ രണ്ട് ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ലഷ്കര്‍ ഇ ത്വയിബയാണെന്നതിന് തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നേരത്ത, പാക് കേന്ദ്രീകൃതമായ ജെയ്‌ഷെ മുഹമ്മദാണ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു എന്‍ ഐഎ അറിയിച്ചിരുന്നത്. ഹന്ദ്വാര സംഭവത്തില്‍ ഭീകരര്‍ ഉപയോഗിച്ചിരുന്ന സാംസങ്ങ്, ഹുവാവെയ് ഫോണുകളെ വീണ്ടെടുത്തൂവെന്ന് എന്‍ഐഎ വ്യക്തമാക്കി.

ഫോണുകളുമായി ബന്ധപ്പെട്ട് സാംസങ്ങിനും ഹുവാവെയ്ക്കും എന്‍ ഐഎ കത്തയച്ചിരുന്നൂവെന്നും, ബന്ധപ്പെട്ട ഫോണുകളെ പാകിസ്താനിലേക്കാണ് തങ്ങള്‍ അയച്ചതെന്ന് ഹുവാവെയ് അറിയിച്ചതായും എന്‍ ഐഎ സൂചിപ്പിച്ചു. ഫോണുകള്‍ക്ക് പുറമെ, ജിപിഎസ്, വയര്‍ലെസ് സിസ്റ്റങ്ങള്‍ എന്നിവയും ഭീകരരുടെ പക്കല്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തിട്ടുണ്ട്.

DONT MISS
Top