ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും ദ്യോകോവിച്ച് പുറത്ത്

മെല്‍ബണ്‍: 2017 ലെ ആദ്യ ഗ്രാന്‍ഡ് സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും നൊവാക് ദ്യോകോവിച്ച് പുറത്ത്. നിലവിലെ ചാമ്പ്യനായ ദ്യോകോവിച്ചിനെ ഉസ്ബകിസ്താന്‍ താരം ഡെന്നിസ് ഇസ്‌തോമിയാണ് അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. സ്‌കോര്‍: 7-6(8), 5-7, 2-6, 7-6(5), 6-4

മെല്‍ബണ്‍ പാര്‍ക്കില്‍ വെച്ച് ഏഴ് വര്‍ഷത്തിനിടെ ദ്യോകോവിച്ച് വഴങ്ങുന്ന രണ്ടാം തോല്‍വി മാത്രമാണ് ഇത്. അതേസമയം, പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ നിന്നും ദ്യോകോവിച്ച് പുറത്ത് പോകുന്നത്. ആദ്യ സെറ്റില്‍ ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഇസ്‌തോമി മുന്നേറ്റം നടത്തിയതോടെ പതറിയ ദ്യോകോവിച്ച്, രണ്ടും മൂന്നും സെറ്റുകളില്‍ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്.

എന്നാല്‍ നാലാം സെറ്റില്‍ മത്സരം ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ ഇസ്‌തോമി, അഞ്ചാം സെറ്റില്‍ ദ്യോകോവിച്ചിന് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്ത്ി മത്സരം സ്വന്തമാക്കുകയായിരുന്നു. കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ഇസ്‌തോമി, മൂന്നാം റൗണ്ടില്‍ ഇനി സ്പാനിഷ് താരം പാബ്ലോ കറെനോ ബുസ്തയെ നേരിടും.

മത്സരത്തില്‍ നിന്നും ദ്യോകോവിച്ച് പുറത്ത് പോകുന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും ലോക ചാമ്പ്യനെതിരായ മത്സരത്തില്‍ താന്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ഡെന്നിസ് ഇസ്‌തോമി മത്സര ശേഷം മാധ്യമങ്ങളോട് സൂചിപ്പിച്ചു.

DONT MISS
Top