റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31ന് ശേഷവും തുടര്‍ന്നേക്കും

റിലയന്‍സ് ജിയോ

മുംബൈ: ടെലികോം സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സേവനദാതാവാണ് റിലയന്‍സ് ജിയോ. യാതൊരു വിധ നിയന്ത്രണവുമില്ലാതെ സൗജന്യമായി ഡാറ്റയും, കോളുകളും ലഭ്യമാക്കിക്കൊണ്ടാണ് അവര്‍ ടെലികോം സേവനരംഗത്ത് നിലയുറപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടനവധി ഉപയോക്താക്കളെ ജിയോ സ്വന്തമാക്കി. രാജ്യത്ത് മറ്റ് സേവനദാതാക്കളും ജിയോയുടെ ചുവട് പിടിച്ച് ആനുകൂല്യങ്ങള്‍ അവതരിപ്പിക്കുവാന്‍ ബാധ്യസ്ഥരായി മാറുകയായിരുന്നു.

ടെലികോം സേവന രംഗത്ത് മത്സരങ്ങള്‍ കടുപ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ റിലയന്‍സ് ജിയോ മാറ്റിയെടുക്കുന്നത്. ഹാപ്പി ന്യൂ ഇയര്‍ എന്ന പേരില്‍ അവതരിപ്പിച്ച ആനുകൂല്യം മാര്‍ച്ച് 31 ന്ശേഷവും തുടരുവാനാണ് ജിയോ തയ്യാറെടുക്കുന്നത്. വളരെ കുറഞ്ഞ രൂപയ്ക്ക് ആനുകൂല്യം ലഭ്യമാക്കുവാന്‍ അവര്‍ ലക്ഷ്യമിടുന്നു. നൂറ് രൂപയ്ക്ക് 3 മാസത്തേക്ക് സൗജന്യ കോളുകളും, മാസം പത്ത് രൂപയ്ക്ക് അനിയന്ത്രിതമായ ഇന്റെര്‍നെറ്റ് സേവനവും നല്‍കുവാനാണ് ജിയോ പദ്ധതിയിടുന്നത്.

സൗജന്യത്തില്‍ നിന്നും പണം കൊടുത്തുള്ള സേവനത്തിലേക്ക് റിലയന്‍സ് ജിയോ മാറുമ്പോള്‍ ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന വിലയിരുത്തലാണ് കുറഞ്ഞ ചിലവില്‍ സേവനങ്ങള്‍ അവതരിപ്പിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പണം കൊടുത്ത് സേവനം തുടരുവാന്‍ താത്പര്യം ഇല്ലാത്തവര്‍ പോകുന്നതോടെ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുമെന്ന വിലയിരുത്തലിലാണ് കമ്പനി എത്തിച്ചേര്‍ന്നിരിക്കുന്നത്. ജിയോയെ സംബന്ധിച്ചടത്തോളം സേവനങ്ങളുടെ നിലവാരം വിലയിരുത്തുന്ന അവസ്ഥയാണ് മാര്‍ച്ചില്‍ സംജാതമാകുക.

DONT MISS
Top