സിക്‌സറുകള്‍ പായിച്ച് കോഹ്ലിയും ധോണിയും; രണ്ടാം ഏകദിനത്തിന് മുന്‍പുള്ള ഇരുവരുടേയും തകര്‍പ്പന്‍ പരിശീലനം കാണാം

ഫയല്‍ ചിത്രം

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അത്യുജ്ജ്വല വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 എന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് കട്ടക്കില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതാണ് ക്യാപ്റ്റന്‍ കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി മികച്ച പരിശീലനമാണ് ടീം അംഗങ്ങള്‍ നടത്തുന്നത്.

ക്യാപ്റ്റന്‍ കോഹ്ലിയും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ പരിശീലനത്തില്‍ പ്രത്യേക സമയം കണ്ടെത്തി. പന്തുകള്‍ നിലംതൊടാതെ പായിച്ചാണ് ഇരുവരും പരിശീലിച്ചത്. ഇതിന്റെ വീഡിയോ ബിസിസിഐ പുറത്തിവിടുകയും ചെയ്തു. രണ്ടാം ഏകദിനത്തില്‍ തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുകയാണ് വീഡിയോയിലൂടെ താരങ്ങള്‍.

കോഹ്ലിയുടേയും കേദാര്‍ ജാദവിന്റെയും സെഞ്ച്വറികളുടെ മികവിലായിരുന്നു ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയം കൊയ്തത്. പരാജയത്തിന്റെ വക്കില്‍ നിന്നായിരുന്നു ഇരുവരും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിന്റെ നെറുകയില്‍ എത്തിച്ചത്. കോഹ്ലി 122 ഉം കേദാര്‍ 120 ഉം റണ്‍സെടുത്ത് പുറത്തായി. മത്സരത്തില്‍ കോഹ്ലി അഞ്ച് സിക്‌സറുകളാണ് പായിച്ചത്. ഇതില്‍ സ്റ്റോക്‌സിനെതിരെ നേടിയ സിക്‌സ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം മത്സരത്തില്‍ വെറും ആറ് റണ്‍സ് നേടാന്‍ മാത്രമേ മുന്‍ ക്യാപ്റ്റന്‍ ധോണിക്ക് സാധിച്ചുള്ളൂ.


കട്ടക്കില്‍ ഈ മാസം 19 നാണ് രണ്ടാം ഏകദിനം. ഇവിടെ ജയിക്കാനായാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

DONT MISS
Top