അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം 9.2 ലക്ഷം കോടിയുടെ കറന്‍സി ഇറക്കിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ദില്ലി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ അവതരിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റി പാനലിന് മുന്നില്‍ വിശദീകരണം നല്‍കുകയായിരുന്നു ഉര്‍ജിത്ത് പട്ടേല്‍.

അതേസമയം, നവംബര്‍ 8ന്, അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ആകെ മൂല്യം 15.44 ലക്ഷം കോടി രൂപയാണ്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് അസാധുവാക്കിയ നോട്ടുകള്‍ എത്രമാത്രമാണ് ബാങ്കുകളില്‍ തിരികെ എത്തിയത് എന്നതില്‍ ഉര്‍ജിത്ത് പട്ടേല്‍ വിശദീകരണം നല്‍കിയില്ല. കൂടാതെ, രാജ്യത്തെ ബാങ്കിങ്ങ് വ്യവസ്ഥ സാധാരണ നിലയിലേക്ക് എത്താന്‍ എത്ര കാലതാമസം ഉണ്ടാകുമെന്ന് ചോദ്യത്തിനും ഉര്‍ജിത്ത് പട്ടേലിന് കൃത്യമായ വിശദീകരണം നല്‍കാന്‍ സാധിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

അസാധുവാക്കല്‍ നടപടിയുടെ പ്രതിഫലനം രാജ്യത്തെ സമ്പദ് ഘടനയില്‍ എത്രമാത്രമാണ് പ്രതിഫലിച്ചതെന്നും നോട്ട് പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്രബാങ്ക് സ്വീകരിച്ച നടപടികളെ കുറിച്ചും ഫിനാന്‍സ് പാനലിന് കീഴിലുള്ള സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് മുന്നിലാണ് ഉര്‍ജിത്ത് പട്ടേല്‍ വിശദീകരണം നല്‍കിയത്. ജനുവരി 20 ന് ഇതേ വിഷയത്തില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നിലും ഉര്‍ജിത്ത് പട്ടേല്‍ ഹാജരാകും.

DONT MISS
Top