സദ്‌റാന്റെ ക്രീസില്‍ കിടന്നുകൊണ്ടുള്ള സിക്‌സര്‍ കോഹ്ലിയുടേതിനേക്കാള്‍ കേമമോ? ക്രിക്കറ്റ് ലോകത്ത് രണ്ട് സിക്‌സറുകള്‍ ചര്‍ച്ചയാകുന്നു

ഫയല്‍ ചിത്രം

ക്രിക്കറ്റ് ലോകത്ത് രണ്ട് സിക്‌സറുകളെ കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി, അഫ്ഗാനിസ്ഥാന്‍താരം നജീബുല്ലാഹ് സദ്‌റാന്‍ എന്നിവരുടെ സിക്‌സറുകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരെ കോഹ്ലി ക്രീസില്‍ നിന്നുകൊണ്ട് ആയാസരഹിതമായി പന്ത് ഗ്യാലറിയില്‍ എത്തിച്ചപ്പോള്‍ സദ്‌റാന്‍ ഒരു വൈഡ് പന്ത് ക്രീസില്‍ വീണുകിടന്നാണ് സിക്‌സ് പായിച്ചത്. ഇതില്‍ ഏതാണ് മികച്ചതെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പൂനെ ഏകദിനത്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സിക്‌സ് കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. മത്സരത്തിലെ മുപ്പത്തിനാലാം ഓവറില്‍ ക്രിസ് വോക്‌സിനെതിരെയായിരുന്നു കോഹ്ലിയുടെ മാസ്മരിക ഷോട്ട്. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് ക്രീസില്‍ നിന്നുകൊണ്ട് തന്നെ അനായാസമായി കോഹ്ലി ഗ്യാലറിയില്‍ എത്തിക്കുകയായിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ കൂടിയായ കമന്റേറ്റര്‍ നാസര്‍ ഹുസൈന്‍ അവിശ്വസനീയം എന്നാണ് ഷോട്ടിനെ വിശേഷിപ്പിച്ചത്. ഇതുപോലൊരു ഷോട്ട് ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നായിരുന്നു സഹ കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.

ഐസിസിയുടെ അസോസിയേറ്റഡ് രാജ്യങ്ങള്‍ പങ്കെടുത്ത ഡസേര്‍ട്ട് ട്വന്റി20 മത്സരത്തിലായിരുന്നു അഫ്ഗാന്‍ താരം സദ്‌റാന്റെ സിക്‌സ്. യുഎഇയ്‌ക്കെതിരായ മത്സരത്തിലെ പത്തൊന്‍പതാം ഓവറില്‍ മത്സരം വിജയിപ്പിച്ചുകൊണ്ടായിരുന്നു സദ്‌റന്റെ അവിശ്വസനീയ ഷോട്ട് വന്നത്. ഓഫ് സൈഡില്‍ വൈഡായി പോയ പന്തില്‍ ഷോട്ട് കളിച്ച താരം ക്രീസില്‍ വീണു. എങ്കിലും പന്ത് നിലംതൊടാതെ ബൗണ്ടറി കടന്നു.

DONT MISS
Top