അഭയാര്‍ത്ഥി പ്രശ്‌നത്തിലുള്‍പ്പെടെ ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും പൊളിച്ചെഴുതുമെന്ന് ഡൊണള്‍ഡ് ട്രംപ്

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍ : ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും പൊളിച്ചെഴുതുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അഭയാര്‍ത്ഥി പ്രശ്‌നത്തിലുള്‍പ്പെടെ സമൂല മാറ്റം കൊണ്ടുവരുമെന്ന് ട്രംപ് വ്യക്തമാക്കി. സത്യപ്രതിജ്ഞക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഒരു അഭിമുഖത്തിനിടെയാണ് യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ മേഖലയിലെ ഭരണകൂടങ്ങള്‍ക്ക് പിഴച്ചുവെന്ന് ട്രംപ് കുറ്റപ്പെടുത്തിയത്. പത്ത് ലക്ഷത്തോളം അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലിന്റെ പ്രഖ്യാപനം ദുരന്തപൂര്‍ണ്ണമായ അബദ്ധമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

ഇത് അവരുടെ രാഷ്ട്രീയ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കി. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാകും അമേരിക്ക പുതിയ അഭയാര്‍ത്ഥി നയം രൂപീകരിക്കുകയെന്നും ട്രംപ് അറിയിച്ചു. ഇതിനു പുറമെ ഒബാമ ഭരണകൂടം കൊണ്ടുവന്ന ആരോഗ്യ പരിരക്ഷ പദ്ധതികള്‍ക്ക് ബദല്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിമുഖത്തില്‍ ബ്രെക്‌സിറ്റിനെ പ്രശംസിച്ച ഡോണള്‍ഡ് ട്രംപ് ചരിത്രത്തില്‍ ബ്രിട്ടന്‍ കൈക്കൊണ്ട ഏറ്റവും സമര്‍ത്ഥമായ തീരുമാനമായിരുന്നു ബ്രെക്‌സിറ്റ് എന്ന് വിശേഷിപ്പിച്ചു. നാറ്റോ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കിയ ട്രംപ്, നാറ്റോ ഉടമ്പടി കാലഹരണപ്പെട്ടതാണെന്നും അഭിപ്രായപ്പെട്ടു. ഉത്പാദനം മെക്‌സിക്കോയിലേക്ക് മാറ്റുകയാണെങ്കില്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ഈടാക്കുമെന്ന് ജര്‍മ്മന്‍ കാര്‍ കമ്പനികള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കി.

DONT MISS
Top