തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല; ‘ഇടിമുറി’കള്‍ ഇല്ല എന്നേയുള്ളൂ, ‘തൊലച്ച് കളയല്‍’ ഭീഷണി ശക്തമെന്ന് വിടി ബല്‍റാം

തിരുവനന്തപുരം: മറ്റക്കരയിലും വിമല്‍ ജ്യോതിയിലും കെഎംസിടിയിലുമൊക്കെയെന്ന പോലെ കേരളത്തിലെ ആദ്യത്തെ സ്വാശ്രയ കോളേജായ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും കടുത്ത വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളാണ് സ്വീകരിച്ച് പോരുന്നതെന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാം. വാച്യാര്‍ത്ഥത്തിലുള്ള ‘ഇടിമുറി’കള്‍ ഇല്ല എന്നേയുള്ളൂ, ഇന്റേണല്‍ മാര്‍ക്കിന്റേയും അറ്റന്‍ഡന്‍സിന്റേയുമൊക്കെപ്പേരിലുള്ള ‘തൊലച്ച് കളയല്‍’ ഭീഷണി ഇവിടെ ശക്തമാണെന്ന് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാനേജ്‌മെന്റിനു പ്രിയപ്പെട്ടവരും സ്വാധീനശേഷിയുള്ളവരുമായ ഒരു പ്രിവിലേജ്ഡ് വിഭാഗവും അല്ലാത്ത സാധാരണ വിദ്യാര്‍ത്ഥികളും രണ്ട് തരം പരിഗണനയാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് വിടി ബല്‍റാം സൂചിപ്പിച്ചു. പ്രായപൂര്‍ത്തിയായ പൗരന്മാരായ വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമായ പല കര്‍ശന നിയന്ത്രണങ്ങളുമാണ് നിയമവിരുദ്ധമായി ഈ നിയമകലാലയത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതായുള്ളതെന്ന വിടി ബല്‍റാം കുറിച്ചു. പ്രബല രാഷ്ട്രീയ കക്ഷിയിലും വാര്‍ത്താ ചാനലുകളിലുമൊക്കെ സ്ഥാപനാധികാരികള്‍ക്കും കുടുംബത്തിനുമുള്ള സ്വാധീനം ഇത്തരത്തില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായി ദുരുപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഏതെങ്കിലും ഒന്നോ രണ്ടോ കോളേജുകളില്‍ മാത്രമല്ല ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും വിടി ബല്‍റാം സൂചിപ്പിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ക്ക് പൊതുവായി ബാധകമാവുന്ന തരത്തില്‍ ചില മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ കൊണ്ടുവരാനും അവ പരാതിരഹിതമായി നടപ്പാക്കപ്പെടുന്നു എന്നുറപ്പുവരുത്താനും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്ന് വിടി ബല്‍റാം ആവശ്യപ്പെട്ടു. ഇന്റേണല്‍ അസെസ്‌മെന്റ് മാര്‍ക്കും അറ്റന്‍ഡന്‍സുമൊക്കെ തീരുമാനിക്കപ്പെടുന്നത് സുതാര്യമാക്കണം. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന വേദികളും സംരക്ഷിക്കപ്പെടണം. ഫെബ്രുവരി അവസാനത്തില്‍ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേകമായ ചര്‍ച്ച ആവശ്യപ്പെടാന്‍ ആഗ്രഹിക്കുന്നുതായി വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top