‘ആമിറിന് പകരം വെക്കാൻ ലാൽ മാത്രം’; ആമിർ വിസമ്മതിച്ചെങ്കിൽ ദംഗലിലേക്ക് കണ്ടുവെച്ചത് മോഹൻലാലിനെ

കൊച്ചി: കളക്ഷന്‍ റെക്കോര്‍ഡുകള്‍ ദിനംപ്രതി ഭേദിച്ച് ജൈത്രയാത്ര തുടരുന്ന ദംഗലില്‍ ആമിര്‍ഖാന്‍ അഭിനയിച്ചിരുന്നില്ലെങ്കില്‍ അവസരം മോഹന്‍ലാലിനെ തേടി എത്തിയേനെ. മഹാവീര്‍ സിംഗ് ഫോഗോട്ടായി ജീവിച്ചഭിനയിച്ച ബോളിവുഡ് നടന്‍ ആമിര്‍ ഖാന് ഒരു പക്ഷെ സിനിമയില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍, മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ വേഷവുമായി മോഹന്‍ലാലിനെ സമീപിച്ചേനെയെന്ന് ദംഗലിന് പിന്നിലെ മലയാളി സാന്നിധ്യവും യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റീവ് ഹെഡുമായ ദിവ്യ റാവു വ്യക്തമാക്കി.

മഹാവീര്‍ സിംഗ് ഫോഗട്ടാകാന്‍ ആമിര്‍ഖാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ അടുത്ത ഊഴം മോഹന്‍ലാലിനെയോ, കമല്‍ ഹാസനെയോ തേടിയെത്തുമായിരുന്നൂവെന്ന് ദിവ്യ റാവു പറഞ്ഞു. കളക്ഷന്‍ റെക്കോഡുകള്‍ മറികടന്ന് ജൈത്രയാത്ര തുടരുന്ന ദംഗല്‍ എന്ന സിനിമയുടെ ആശയം ആദ്യം ഉദിച്ചത് ദിവ്യ റാവു എന്ന ഈ മലയാളിയുടെ തലയിലാണ്.

ദിവ്യ റാവു

2012ല്‍ വന്ന ഒരു പത്ര വാര്‍ത്തയാണ് ദിവ്യയെ ദംഗല്‍ എന്ന സിനിമയിലേക്കു നയിച്ചത്. തന്റെ പെണ്‍മക്കളെ ഗുസ്തിയില്‍ ലോകോത്തര ചാമ്പ്യന്‍മാരാക്കാന്‍ പരിശീലനം നല്‍കിയ മഹാവീര്‍ സിങ്ങ് എന്ന പിതാവിനെ കുറിച്ചു വന്ന ആ വാര്‍ത്ത അന്ന് ഡിസ്‌നി യുടെ ക്രിയേറ്റീവ് ടീമിന്റെ ഭാഗമായിരുന്ന ദിവ്യ, സിദ്ധാര്‍ഥ് റോയ് കപൂറിന്റെയും മറ്റ് അംഗങ്ങളുടെയും ശ്രദ്ദയില്‍പ്പെടുത്തി. തുടര്‍ന്നാണ് ദിവ്യ ഉള്‍പ്പെടുന്ന ടീം ആശയവുമായി സംവിധായകന്‍ നിതേഷ് തിവാരിയെ സമീപിച്ചത്. തുടര്‍ന്ന് ആമീര്‍ ഖാനും ചിത്രത്തിന്റെ ഭാഗമായി.

 യഥാര്‍ഥ സംഭവം സിനിമയാക്കുന്നതു കൊണ്ടുതന്നെ എല്ലാ വിവരങ്ങളും സൂക്ഷ്മമായി പരിശോധന നടത്തി. പിന്നീടാണ് പട്യാലയിലെത്തി മഹാവീര്‍ സിങ്ങിനെയും കുടുംബത്തെയും കണ്ട് സിനിമ ചെയ്യാന്‍ അനുവാദം വാങ്ങിയത്. തുടര്‍ന്നിങ്ങോട്ട് സിനിമയുടെ കഥയ്‌ക്കൊപ്പം എല്ലാ ഘട്ടങ്ങളിലും ദിവ്യയുടെ സംഭാവനയുണ്ടായിരുന്നു. ദിവ്യ ആദ്യമായി ഭാഗമായ സിനിമയാണ് ദംഗല്‍.

ആമിര്‍ ഖാനൊപ്പം ജോലി ചെയ്തിനെ സ്വപ്‌ന തുല്യമെന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. ആമിര്‍ വളരെ ജനകീയനായ വ്യക്തിയാണ്, അദ്ദേഹമില്ലാതെ ഈ സിനിമ സാധ്യമാകില്ല, കഴിവും ആത്മവിശ്വാസവും ഉള്ളവര്‍ക്ക് അവസരം നല്‍കാന്‍ അദ്ദേഹത്തിനു മടിയില്ലെന്നും ദിവ്യ സൂചിപ്പിച്ചു.

മലയാളിയാണെങ്കിലും ദിവ്യ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. ഇപ്പോള്‍ ഗ്ലോബല്‍ പ്രൊഡക്ഷന്‍ ടീമിനൊപ്പം ഫ്രീലാന്‍സറായി ജോലി ചെയ്യുന്ന ദിവ്യ തന്റെ ആദ്യ സിനിമ ചരിത്രം കുറിച്ചതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ചു. ഒരു യോഗ പരിശീലക കൂടിയായ ദിവ്യ അഷ്ടാംഗ വിന്യാസ യോഗയില്‍ മൈസുരുവില്‍ നിന്നുമാണ് പരിശീലനം നേടിയത്.

DONT MISS
Top