ഷാരൂഖിനും ഹൃതിക്കിനുമൊപ്പമുള്ള 21 വര്‍ഷം മുമ്പുള്ള ചിത്രം പങ്കുവച്ച് സല്‍മാന്‍ ; ട്വീറ്റിന് നന്ദി പറഞ്ഞ് ഹൃതിക്

ഷാരൂഖ്, ഹൃതിക് റോഷന്‍, സല്‍മാന്‍

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരാണ് ഖാന്‍ ത്രയവും ഹൃതിക് റോഷനും. ഏവരും പരസ്പരം ആരോഗ്യകരമായ മത്സരം കാഴ്ച്ചവയ്ക്കുമ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍. മറ്റൊരാളുടെ സിനിമയുടെ റിലീസ് സമയത്ത് ആശംസകള്‍ നേരാനും സിനിമയില്‍ത്തന്നെ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടാനും ഇവര്‍ മടികാണിക്കാറില്ല. ഇപ്പോള്‍ ഷാരൂഖിന്റേയും ഹൃതിക്കിന്റേയും സിനിമയുടെ റിലീസ് സമയത്തും സല്‍മാന്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

21 വര്‍ഷം മുന്‍പുള്ള ഒരു ചിത്രമാണ് സല്‍മാന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സല്‍മാനും ഹൃതിക്കും ഷാരൂഖുമാണ് ചിത്രത്തില്‍. കരണ്‍ അര്‍ജുന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് എടുത്തതാണ് ചിത്രം. സല്‍മാന്‍ഖാനും ഷാരൂഖ് ഖാനുമായിരുന്നു കരണ്‍ അര്‍ജുനിലെ നായകന്മാരെങ്കിലും ചിത്രീകരണത്തിനിടെ വന്നുപെട്ട ഹൃതിക്കും ചിത്രത്തില്‍ ഉള്‍പ്പെടുകയായിരുന്നു.

ചിത്രത്തിന് സല്‍മാന്‍ രാകേഷ് റോഷനോട് നന്ദിപ്രകടിപ്പിച്ചിട്ടുമുണ്ട്. റിലീസ് ചെയ്തിട്ട് 17 വര്‍ഷമായ കഹോനാ പ്യാര്‍ ഹെ എന്ന ചിത്രത്തേയും പരാമര്‍ശിച്ച ട്വീറ്റില്‍ റയീസിനും കാബിലിനും ആശംസ നേരാനും താരം മറന്നില്ല. ട്വീറ്റ് വന്ന് നിമിഷങ്ങള്‍ക്കകം ഹൃതിക് സല്‍മാന് നന്ദിയുമറിയിച്ചു. റയീസും കാബിലും റിലീസ് ചെയ്യുന്നത് ഈ മാസം 25നാണ്.

കരണ്‍ അര്‍ജുന്‍ 1995 ജനുവരി 13 നാണ് റിലീസായത്. ഹൃതിക്കിന്റെ പിതാവായ രാകേഷ് റോഷനായിരുന്നു സിനിമയുടെ സംവിധായകനും നിര്‍മാതാവും. സംഗീത സംവിധാനമാകട്ടെ രാകേഷ് റോഷന്റെ സഹോദരന്‍ രാജേഷ് റോഷനും. സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും സഹോദരന്മാരായി അഭിനയിച്ച ചിത്രം ബോക്‌സോഫീസിനെ വിറപ്പിച്ച വിജയമാണ് നേടിയത്.

DONT MISS
Top