പുതിയ സംഘടന വന്നിട്ടും തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല; സോളോ റിലീസ് നിഷേധിക്കപ്പെട്ട് മോഹന്‍ലാല്‍ സിനിമ

പ്രതീകാത്മക ചിത്രം

ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസോസിയേഷന്റെ പിടി അയച്ച് മലയാള സിനിമ രക്ഷപ്പെട്ടതുതന്നെ കഷ്ടിച്ചാണ്. ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വന്നതാണ് ലിബര്‍ട്ടി ബഷീറിന്റേയും കൂട്ടരുടേയും അനാവശ്യ പിടിവാശിയില്‍നിന്ന് റിലീസിന് തയാറായ നിരവധി സിനിമകളുടെ ഭാവി ഇരുളിലാകാതെ കാത്തത്. എന്നാല്‍ പുതിയ സംഘടനയ്ക്ക് ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്നാണ് നിര്‍മാതാക്കളില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് സോളോ റിലീസ് നിഷേധിച്ചതാണ് ഇവര്‍ ഇത്തരത്തില്‍ സംശയമുന്നയിക്കാന്‍ കാരണം.

പുതിയ സംഘടനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തീരുമാനപ്രകാരം ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 19നും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ 26നുമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് നിര്‍മാതാവിന്റെ അനുമതിയില്ലാതെയാണെന്നാണ് ആരോപണം.

സൂര്യയുടെ സിങ്കം ത്രീ, ഷാരൂഖിന്റെ റയീസ്, ഹൃതിക് റോഷന്റെ കാബില്‍, ജയംരവിയുടെ ബോഗന്‍ എന്നിവയും 26നാണ് എത്തുക. ഇത് മുന്തിരിവള്ളികള്‍ക്ക് ക്ഷീണംതട്ടാന്‍ കാരണമാകും. അതിനാല്‍ എന്തു വിലകൊടുത്തും ഇരുപതാം തീയതി മുന്തിരിവള്ളികള്‍ റിലീസ് ചെയ്യണമെന്നുതന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാവായ സോഫിയ പോളിന്റെ നിലപാട്. ഈ നിലപാടിനെ ശരിവച്ച് മോഹന്‍ലാലിന്റെ ഒരു മുന്‍ ചിത്രമായ ലൈല ഓ ലൈലയുടെ നിര്‍മാതാക്കളായ സന്തോഷ് കോട്ടായിയും ബിജു ആന്റണിയും രംഗത്തെത്തിയിട്ടുണ്ട്. ജോമോന്റെ നിര്‍മാണത്തിലും വിതരണത്തിലും പുതിയ സംഘടനയില്‍പ്പെട്ടവര്‍ക്ക് പങ്കുള്ളതാണോ ഇതിന് കാരണം എന്ന് ഇവര്‍ ചോദിക്കുന്നു.

ഡോ.ബിജുവും പുതിയ സംഘടയ്‌ക്കെതിരെ ആരോപണമുന്നയിച്ചു. ‘നിര്‍മാതാവിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് ഒരു സിനിമയുടെ റിലീസ് നിശ്ചയിക്കുക? എപ്പോള്‍ റിലീസ് ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിര്‍മാതാവാണ്. ലിബര്‍ട്ടി ബഷീര്‍ മാറിയപ്പോള്‍ പിടിച്ചതിലും വലുതാണ് അളയില്‍ എന്നു തോന്നുന്നു’. അദ്ദേഹം പറഞ്ഞു.

പ്രിഥ്വിരാജ് ചിത്രം എസ്ര ഫെബ്രുവരിയിലേക്ക് റിലീസ് മാറ്റിയിട്ടുണ്ട്. ഡിസംബറില്‍ റിലീസ് മുടങ്ങിയ മറ്റു ചിത്രങ്ങള്‍ എന്ന് തീയേറ്ററിലെത്തുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

DONT MISS
Top