ക്യാപ്റ്റന്‍സിയുടെ ഹാങ്ഓവര്‍ മാറാതെ എംഎസ് ധോണിയുടെ തീരുമാനം; രക്ഷിച്ചത് കോഹ്ലിയുടെ ഇടപെടല്‍ (വീഡിയോ)

ഫയല്‍ ചിത്രം

പൂനെ: ഇന്ത്യയുടെ ക്യാപ്റ്റന്‍ ഇപ്പോഴും ധോണിതന്നെയാണോ എന്ന് ഇന്നത്തെ മത്സരം കണ്ട ചിലരെങ്കിലും സംശയിച്ചിരിക്കും. ഇംഗ്ലണ്ടിനെതിരായ മത്സത്തിനിടെ ഫീല്‍ഡില്‍ ധോണി എടുത്ത തീരുമാനമാണ് ഇത്തരമൊരു സംശയത്തിന് കാരണം.

ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് താന്‍ ക്യാപ്റ്റനാണെന്ന തോന്നല്‍ ധോണിയില്‍ ഉണര്‍ത്തിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് മോര്‍ഗന്റെ ബാറ്റിലുരസി നേരെ ധോണിയുടെ കൈകളിലെത്തി. വിക്കറ്റ് ഉറപ്പിച്ച ധോണി ആഹ്ലാദപ്രകടനം നടത്തി. ഒപ്പം ഹാര്‍ദികും. എന്നാല്‍ അമ്പയര്‍ മാത്രം അത് അനുവദിച്ച് കൊടുത്തില്ല. ഉടന്‍ ധോണി കൈകള്‍ ഉയര്‍ത്തി ഡിസിഷന്‍ റിവ്യൂവിന് അപ്പീല്‍ ചെയ്തു. ഇവിടെ മുന്‍ നായകന് തെറ്റുപറ്റി. ഒരു ടീമിന്റെ ക്യാപ്റ്റന് മാത്രമേ ഡിആര്‍എസിന് അപ്പീല്‍ ചെയ്യാന്‍ പറ്റൂ. അബദ്ധം മനസിലാക്കിയ കോഹ്ലി ഉടന്‍ തന്നെ അമ്പയറോട് ഡിആര്‍എസ് ആവശ്യപ്പെട്ടു.

ചെയ്ത നടപടി തെറ്റിയെങ്കിലും എംഎസ്ഡിയുടെ തീരുമാനം തെറ്റിയില്ല. മൂന്നാം അമ്പയറുടെ തീരുമാനം വന്നപ്പോള്‍ മോര്‍ഗന്‍ ഔട്ട്. 28 റണ്‍സായിരുന്നു ഇംഗ്ലണ്ട് നായകന്റെ സംഭാവന.

ഡിആര്‍എസ് തീരുമാനം കൃത്യമായി എടുക്കാനുള്ള ധോണിയുടെ കഴിവിനെ നേരത്തെ കോഹ്ലി പ്രശംസിച്ചിരുന്നു. ഡിആര്‍എസില്‍ ധോണിയുടെ തീരുമാനങ്ങള്‍ 95 ശതമാനവും ശരിയാകാറുണ്ടെന്നായിരുന്നു കോഹ്ലിയുടെ അഭിപ്രായം. ധോണി പറഞ്ഞാല്‍ ഇക്കാര്യത്തില്‍ തനിക്ക് പിന്നെ സംശയങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു. ഇത് തന്നെയാണ് കളിക്കളത്തിലും ഇന്ന് കണ്ടത്.

DONT MISS
Top