കൈത്താങ്ങായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍; ആശ്വാസമായത് 1.58 ലക്ഷം തീര്‍ത്ഥാടകര്‍ക്ക്

ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ ആശ്വാസം പകര്‍ന്നത് 1.58 ലക്ഷം തീര്‍ത്ഥാടകര്‍ക്ക്. ഹൃദ്രോഗസംബന്ധമായ അസുഖങ്ങളുമായെത്തിയ 85 പേരെയാണ് രക്ഷിക്കാനായത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം ഇത്തവണ കുറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ശരാശരി 50 പേരെങ്കിലും മരിക്കുന്ന സാഹചര്യമായിരുന്നു.

പരമ്പരാഗതപാതയില്‍ ഇത്തവണ ഇതുവരെ 28 തീര്‍ത്ഥാടകരാണ് ഹൃദയ സംബന്ധമായ അസുഖം മൂലം മരണമടഞ്ഞതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മകരവിളക്ക് ദിവസം മാത്രം 12941 പേരാണ് ഈ സെന്ററുകളുടെ സേവനം തേടിയത്. ഈ സീസണില്‍ 12836 പേര്‍ക്ക് പ്രഥമശുശ്രൂഷയും 2176 പേര്‍ക്ക് നെബുലൈസേഷനും 7087 പേര്‍ക്ക് ഓക്‌സിജന്‍ പാര്‍ലറുകളുടെ സേവനവും 512 പേര്‍ക്ക് സ്‌ട്രെക്ചര്‍ സേവനവും നല്‍കി. കുഴഞ്ഞു വീഴുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി തൊട്ടടുത്ത വിദഗ്ധ ചികിത്‌സാ കേന്ദ്രത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേഫ് ശബരിമല പദ്ധതിയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പും മറ്റു വകുപ്പുകളുമായി സഹകരിച്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ക്ക് രൂപം നല്‍കിയത്.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ 11 ഉം സന്നിധാനത്ത് നാലും സ്വാമി അയ്യപ്പന്‍ റോഡില്‍ മൂന്നും ഇഎംസികളാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ നേഴ്‌സിംഗ് കോളേജുകളിലെയും സ്‌കൂളുകളിലെയും തെരഞ്ഞെടുത്ത പുരുഷ വിദ്യാര്‍ത്ഥികള്‍ക്കും നേഴ്‌സുമാര്‍ക്കുമാണ് പ്രത്യേക ജീവന്‍ രക്ഷാ പരിശീലനം നല്‍കി ഇ എംസികളില്‍ നിയോഗിച്ചിട്ടുള്ളത്.

DONT MISS
Top