‘നെഹ്റു കോളേജിലെ ജീവനക്കാർ ഉടൻ രാജിവെക്കണം, ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരും’; നെഹ്റു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനൊണിമസ്‌’ വീഡിയോ

‘നെഹ്രു കോളേജിലെ ജീവനക്കാർ ഉടൻ രാജിവെക്കണം, ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരും’- നെഹ്രു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനൊണിമസ്‌’ വീഡിയോ എത്തി.  പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ അതിക്രമങ്ങളാല്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നൂവെന്ന് വ്യക്തമാക്കി കൊണ്ടാണ് അനൊണിമസ് ഗ്രൂപ്പിന്റെ യൂട്യൂബ് സന്ദേശം. തങ്ങള്‍ ഹാക്കര്‍മാരാണ്, ക്രാക്കര്‍മാരാണ്, ആക്ടിവിസ്റ്റുകളാണ്, ഏജന്റുകളാണ്, ചാരന്മാരാണ്, വിദ്യാര്‍ത്ഥികളാണ്, അധികൃതരാണ്, അല്ലെങ്കില്‍ തൊട്ടടുത്ത വീട്ടിലെ പയ്യനാണ് എന്ന് അറിയിച്ച് കൊണ്ടാണ് അനൊണിമസിന്റെ വീഡിയോ ആംരഭിക്കുന്നത്. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ തങ്ങള്‍ പങ്ക് ചേരുന്നൂവെന്ന് സൂചിപ്പിച്ച അനൊണിമസ് സംഘം, ഇത് നെഹ്‌റു കോളേജുകള്‍ക്ക് ഉള്ള തുറന്ന കത്താണെന്ന് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപിക്കുന്ന നെഹ്‌റു കോളേജ് ശൃഖലയെ തങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ഇത് അവസാനിപ്പിക്കാന്‍ തങ്ങള്‍ വേട്ട ആരംഭിക്കുകയാണെന്നും അനൊണിമസിന്റെ സന്ദേശങ്ങളില്‍ പറയുന്നു.

ഇനി ഇന്റര്‍നെറ്റില്‍ നെഹ്‌റു ഗ്രൂപ്പുകള്‍ക്ക് രക്ഷയുണ്ടാകില്ല. നെഹ്‌റു ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ എത്രയും പെട്ടെന്ന് രാജി വെക്കണമെന്നും ഇല്ലെങ്കില്‍ നിങ്ങളെയും ഞങ്ങള്‍ ലക്ഷ്യമാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നെഹ്‌റു ഗ്രൂപ്പിന്റെ എല്ലാ രഹസ്യ വിവരങ്ങളും തങ്ങള്‍ പുറത്ത് വിടുമെന്നും രാജ്യത്ത് നെഹ്‌റു കോളേജുകള്‍ പോലെയുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ആവശ്യമില്ലെന്നും വീഡിയോയില്‍ പറയുന്നു.തങ്ങളുടെ ചെറിയ സഹോദരീ-സഹോദരന്മാരോട് ചെയ്തതിന് പകരം ചോദിക്കുമെന്ന് അനൊണിമസ് വ്യക്തമാക്കുന്നുണ്ട്. അതിക്രമങ്ങള്‍ക്ക് എതിരെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കണം. എന്തിനാണ് നിങ്ങള്‍ ഭയക്കുന്നത് എന്ന് അനൊണിമസ് ചോദിക്കുന്നുണ്ട്. മാറ്റത്തിനുള്ള സമയമാണ് ഇതെന്നും അനൊണിമസ് സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം നെഹ്രു ഗ്രൂപ്പിന്റെ മുഴുവൻ കോളേജുകളിലേയും അധ്യാപകരുടെയും ജീവനക്കാരുടെയും വ്യക്തിഗത-പ്രൊഫഷണൽ വിശദാംശങ്ങളിൽ ചിലത് ഹാക്കർമാർ പുറത്തുവിട്ടിരുന്നു. അധ്യാപകർക്ക് ലഭിക്കുന്ന ശമ്പളവും അവരുടെ യോഗ്യതയും വിലാസവും പാൻ നമ്പറുമെല്ലാം പുറത്തുവന്ന വിശദാംശങ്ങളിലുണ്ട്. ഈ വിവരങ്ങൾ വിദ്യാർത്ഥികളെയും ജീവനക്കാരെയും അറിയിച്ചുകൊണ്ടുള്ള മൊബൈൽ ടെക്സ്റ്റ് മെസേജുകളും ഹാക്കർമാർ തന്നെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.
ഹാക്കർമാരുടെ കൈവശം ഇനിയും എന്തൊക്കെ വിശദാംശങ്ങളുണ്ടെന്ന് ഇനിയും വ്യക്തമല്ല. അതേ സമയം ഹാക്ക്‌ചെയ്ത് വിവരങ്ങൾ ചോർത്തിയവർ തന്നെയാണോ വീഡിയോയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല. വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന തരത്തിലുള്ള വീഡിയോ കേരളത്തിൽ ഇതാദ്യമാണ് കഴിഞ്ഞ ദിവസം നെഹ്റു ഗ്രൂപ്പിന്റെ വെബ്സൈറ്റ് കേരളാ‌സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തിരുന്നു.

DONT MISS
Top