കറന്‍സികളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുന്നതാണ് നല്ലതെന്ന് പൗത്രന്‍ തുഷാര്‍ ഗാന്ധി

തുഷാര്‍ ഗാന്ധി

മുംബൈ: കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന്റെ പൗത്രന്‍ തുഷാര്‍ ഗാന്ധി. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ആ പണം പല വൃത്തികെട്ട കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ നോട്ടുകളില്‍ നിന്ന് ഗാന്ധി ചിത്രം ഒഴിവാക്കുന്നത് വളരെ നല്ലതായിരിക്കും. തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

നോട്ടുകളില്‍ ഗാന്ധി ചിത്രം വന്നതുമുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞെന്നും വരും കാലങ്ങളില്‍ കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധി ചിത്രം ഒഴിവാക്കുമെന്നും ഹരിയാനയിലെ ബിജെപി മന്ത്രി അനില്‍ വിജ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് തുഷാര്‍ ഗാന്ധിയുടെ വാക്കുകള്‍. വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയോടാണ് തുഷാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.


അടുത്തിടെ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ കലണ്ടര്‍, ഡയറി എന്നിവയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം അച്ചടിച്ച് പുറത്തിറക്കിയിരുന്നു. ഇത് വിവാദമാവുകയും നിരവധി രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് അനില്‍ വിജ് വിവാദങ്ങള്‍ക്ക് പുതുമാനം നല്‍കി പ്രസ്താവന നടത്തിയത്.

ഗാന്ധിയെ കലണ്ടറില്‍ നിന്നും ഒഴിവാക്കി മോദിയുടെ ചിത്രം പതിച്ചതിനെതിരെയും തുഷാര്‍ ശക്തമായ രീതിയില്‍ പ്രതികരിച്ചിരുന്നു. ചര്‍ക്കയില്‍ നെയ്‌തെടുത്തത് വസ്ത്രമാക്കിയ ഗാന്ധിജിയുടെ നൂല്‍നൂല്‍പ്പും 10 ലക്ഷം രൂപയുടെ സ്യൂട്ട് അണിയുന്നവരുടെ ചര്‍ക്കയിലിരുന്നുള്ള ഫോട്ടോ എടുക്കലും തമ്മില്‍ വലിയ അന്തരം ഉണ്ട്. ബെര്‍ക്കിങ്ഹാം കൊട്ടാരത്തില്‍ പോയപ്പോള്‍ ഗാന്ധി 10 ലക്ഷം രൂപയുടെ സ്യൂട്ട് അണിഞ്ഞിരുന്നില്ല. ഇതായിരുന്നു ഇക്കാര്യത്തില്‍ തുഷാറിന്റെ പ്രതികരണം.

‘കലണ്ടറില്‍ നിന്നും ഗാന്ധിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം വെച്ചത് നല്ലകാര്യമാണ്. മോദി ഗാന്ധിയേക്കാള്‍ മികച്ച വിപണിമൂല്യമുള്ളയാളാണ്. ഗാന്ധിയുടെ പേരില്‍ പേറ്റന്റുള്ള ഉത്പ്പന്നമല്ല ഖാദി. ഗാന്ധിയുടെ പേര് ഖാദിയുമായി ബന്ധപ്പെടുത്തിയത് മുതല്‍ ഖാദി വ്യവസായം തകര്‍ച്ചയിലാണ്. എന്നാല്‍മോദി ഖാദിയുമായി ചേര്‍ന്നതോടെ ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 14 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്’. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഹരിയാനയിലെ അംബാലയില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അനിലിന്റെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.

അതേസമയം വിവാദമായതോടെ പരാമര്‍ശം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് അനില്‍ വിജ് രംഗത്തെത്തി.

DONT MISS
Top