അക്രമം കാണികളോടും; ഗുജറാത്തിന്റെ കന്നികിരീട നേട്ടത്തിന്റെ തിളക്കം കുറച്ച് ആര്‍പി സിംഗ്

മുംബൈ: മാന്യന്‍മാരുടെ കളിയെന്നാണ് ക്രിക്കറ്റിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ കളത്തിലെ വീറും വാശിയും പലപ്പോഴും താരങ്ങളെ ചെന്നെത്തിക്കുന്നത് കയ്യാങ്കളിയിലേക്കും വാക്കേറ്റത്തിലേക്കും ഒക്കെയാണ്. എന്നാല്‍ കാണികളോട് ചെന്ന് കയര്‍ക്കുന്ന താരങ്ങളെ ക്രിക്കറ്റില്‍ കാണുന്നത് വളരെ അപൂര്‍വം മാത്രമാണ്.

ഇന്ന് നടന്ന രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തില്‍ കന്നിക്കിരീടം ചൂടിയ ഗുജറാത്തീ നിരയില്‍, ഇതേ കാരണത്താല്‍ വില്ലന്‍ വേഷം അണിയുകയാണ് ആര്‍പി സിംഗ്. ഫൈനല്‍ മത്സരത്തില്‍ 300 ആം ഫസ്റ്റ് ക്ലാസ് വിക്കറ്റ് കൊയ്ത ആര്‍പി സിംഗിന്റെ നേട്ടം, പുതിയ വിവാദത്തില്‍ നിറം മങ്ങിയിരിക്കുകയാണ്.

നേരത്തെ, മത്സരത്തിന്റെ മൂന്നാം ദിനം കാണികളോട്, ആര്‍പി സിംഗ് നടുവിരല്‍ ഉയര്‍ത്തി അശ്ലീലം കാട്ടിയെന്ന് പരാതി കെട്ടടങ്ങും മുമ്പെയാണ് പുതിയ വിവാദ വീഡിയോ ദൃശ്യങ്ങള്‍ തലപ്പൊക്കിയിരിക്കുന്നത്. കാണികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിന് പിന്നാലെ പൊടുന്നനെ ഭാവഭേദമില്ലാതെ സ്വഭാവം മാറുന്ന ആര്‍പി സിംഗാണ് വീഡിയോയില്‍ കാണുന്നത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഓട്ടോഗ്രാഫ് നല്‍കുന്ന ആര്‍പി സിംഗ്, പൊടുന്നനെ ഒരു കാണിയുടെ മൊബൈല്‍ ഫോണ്‍ തട്ടി പറിച്ചു, നിസാരമായി ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്നതാണ് വിവാദമായിരിക്കുന്നത്.

അതേസമയം, കാണികളില്‍ നിന്നുള്ള പ്രകോപനമാണോ ഇത്തരത്തില്‍ ആര്‍പി സിംഗിന്റെ പ്രതികരണത്തിന് കാരണം എന്നത് വ്യക്തമല്ല.

DONT MISS
Top