സീക്കോ എഫ്‌സി ഗോവ പരിശീലകസ്ഥാനം ഒഴിഞ്ഞു; തീരുമാനം ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന്

സീക്കോ ( ഫയല്‍ ചിത്രം )

പനാജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം എഫ്‌സി ഗോവയുടെ പരിശീലകസ്ഥാനം ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോ ഒഴിഞ്ഞു. ഐഎസ്എല്‍ മൂന്നാം സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് തീരുമാനം. ഈ സീസണില്‍ ഐഎസ്എല്‍ പട്ടികയില്‍ ഏറ്റവും ഒടുവിലായാണ് ടീം ഫിനിഷ് ചെയ്തത്.

ഐഎസ്എല്ലില്‍ എഫ്് സി ഗോവയുമായി മൂന്നു വര്‍ഷത്തെ ബന്ധത്തിനാണ് പരിശീലക സ്ഥാനം ഒഴിഞ്ഞതിലൂടെ സീക്കോ വിരാമമിടുന്നത്. 2014 ല്‍ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത സീക്കോ ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ടീമിനെ സെമിഫൈനലിലെത്തിച്ചു.

2015ലെ രണ്ടാം സീസണില്‍ സീക്കോയ്ക്ക് കീഴില്‍ ടീം മികച്ച മുന്നേറ്റമാണ് നടത്തിയത്. ഫൈനലില്‍ കടന്ന ഗോവ എഫ് സി ഫൈനലില്‍ ചെന്നൈയിന്‍ എഫ് സി യോട് പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ മുന്‍ വര്‍ഷങ്ങലില്‍ നിന്നും ഇത്തവണ ഗോവന്‍ ടീമിന്റെ പ്രകടനം തീര്‍ത്തും നിറം മങ്ങി. ഇത്തവണ ഐഎസ്എല്‍ പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് ടീം ഫിനിഷ് ചെയ്തത്. അതേസമയം റോമിയോ ഫെര്‍ണാണ്ടസ് അടക്കം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ നിരവധി യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സീക്കോ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ബ്രസിലീന് വേണ്ടി 1978, 1982, 1986 ലോകകപ്പുകള്‍ നേടിയ ടീമില്‍ അംഗമായിരുന്നു സീക്കോ. 1999 ല്‍ ജാപ്പനീസ് ക്ലബായ കാഷിമ അന്റ്‌ലേഴ്‌സിന് വേണ്ടിയാണ് ആദ്യമായി പരിശീലകനാകുന്നത്. തുടര്‍ന്ന് 2002 ല്‍ ജപ്പാന്‍ ദേശീയ ടീമിന്റെ പരിശീലകനായി. സീക്കോയുടെ പരിശീലനത്തിന് കീഴില്‍ 2004 ല്‍ ഏഷ്യകപ്പ് നേടിയ ജപ്പാന്‍ 2006 ലോകകപ്പ് യോഗ്യതയും നേടിയിരുന്നു.

DONT MISS
Top