ക്വോണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് അപകടം

മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പര ക്വോണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ പരിക്കേറ്റു.   ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ താരത്തെ, വിശദമായ ചികിത്സയ്ക്കു ശേഷം വിട്ടയച്ചെന്ന്‍ എബിസി പ്രൊഡക്ഷന്‍ ടീം പ്രതിനിധികള്‍ അറിയിച്ചു.

34 കാരിയായ പ്രിയങ്ക ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നിലതെറ്റി വീണത്. വീഴ്ചയില്‍ തലയ്ക്ക് ആഘാതമേറ്റതിനെ തുടര്‍ന്നാണ് താരത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. വിശദ പരിശോധനയ്ക്കു ശേഷം ആശുപത്രി വിട്ട പ്രിയങ്ക ഇപ്പോള്‍ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ്. പരമ്പരയുടെ രണ്ടാമത്തെ സീസണ്‍ ചിത്രീകരിക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ സംഘം ചിത്രീകരണം തുടരും. ബേവാച്ച് എന്ന സിനിമയ്ക്ക് ശേഷം പ്രിയങ്ക അഭിനയിച്ചു കൊണ്ടിരിക്കുന്ന ക്വോണ്ടിക്കോ എന്ന ടെലിവിഷന്‍ പരമ്പര താരത്തിന് വളരെയധികം ജനപ്രീതിയാണ് നേടിക്കൊടുത്തത്.

അടുത്ത ആഴ്ചയോടെ പ്രിയങ്ക ചിത്രീകരണത്തിനെത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ക്വോണ്ടിക്കോയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലും താരം പങ്കെടുത്തില്ല. 74 ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെയാണ് പ്രിയങ്കയ്ക്ക് അപകടം സംഭവിച്ചത്.

DONT MISS
Top