കുടുംബ വഴക്ക് കഴിഞ്ഞു… ജനുവരി 20 ന് ഉലഹന്നാനും ആനിയമ്മയും തിയേറ്ററുകളിലേക്ക്

ഏറെ നാളായി മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ സിനിമ സമരത്തിന് അവസാനമായതോടെ റിലീസിനൊരുങ്ങി ചിത്രങ്ങള്‍. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ക്രിസ്മസ് റിലീസുകളാണ് തീയേറ്ററുകളിലേക്കെത്തുന്നത്.

മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന കുടുംബചിത്രം മുന്തിരിവള്ളികള്‍ ജനുവരി 20നും ദുല്‍ഖര്‍ നായകനായെത്തുന്ന ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 19നും തീയേറ്ററുകളിലെത്തും. ക്രിസ്മസ് റിലീസ് ആയിരുന്ന ഫുക്രി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ ഉത്സവ സീസണില്‍ ലഭിക്കുമായിരുന്ന കളക്ഷന്‍ ലഭിക്കാന്‍ സാധ്യതയില്ല.

മലയാള സിനിമാ സമരം യഥാര്‍ത്ഥത്തില്‍ നേട്ടം നേടിക്കൊടുത്തത് ആമിറിന്റെ ദംഗല്‍, വിജയ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഭൈരവ തുടങ്ങിയവയടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കും കാട് പൂക്കുന്ന നേരം , ഗോഡ്‌സെ തുടങ്ങിയ ചിത്രങ്ങള്‍ക്കുമാണ്. സിനിമാ പ്രതിസന്ധി മൂലം റിലീസ് വൈകിയ ചിത്രങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സമരത്തിനെ വകവയ്ക്കാതെ ഇരു ചിത്രങ്ങളും റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം. ഇത് സംബന്ധിച്ച്  . വിതരണക്കാരുടെ സംഘടനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും ഇരു സിനിമകളുടെയും നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് എക്സിബിട്ടേഴ്സ് ഫെഡറേഷന്റെ സമരത്തെ ദിലീപ് അടക്കമുള്ള നിര്‍മ്മാതാക്കളുടെ സംഘം പൊളിച്ചു.   ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപീകരിക്കാന്‍ നീക്കം നടക്കുന്നതിനിടെ സമരം പിന്‍വലിക്കുന്നതായി ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ഫെഡറേഷന്‍ അംഗങ്ങളായ 57 തീയേറ്റര്‍ ഉടമകള്‍ പുതിയ സംഘനയ്ക്ക് സഹകരണം അറിയിച്ച് വന്നിട്ടുണ്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത്ത്  നേരത്തെ വ്യക്തമാക്കിയിരുന്നു.

DONT MISS
Top