പരീക്ഷാ പേടി: കുവൈത്തിൽ 16 കാരനായ വിദ്യാർത്ഥി വിദ്യാലയത്തിനു തീ വെച്ചു

കുവൈത്ത്‌ സിറ്റി : പരീക്ഷ മാറ്റി വെക്കുന്നതിനു വിദ്യാർത്ഥി നടത്തിയ വിചിത്രമായ പരീക്ഷണം നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയതോടെ ഒടുവിൽ പണി പാളി വിദ്യാർത്ഥി പോലീസ്‌ പിടിയിലായി. കഴിഞ്ഞ ദിവസം കുവൈത്തിലെ ബയാൻ പ്രദേശത്താണു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ബയാനിലെ ബോയ്സ്‌ ഹൈസ്കൂളിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണു ഇതേ സ്കൂളിലെ വിദ്യാർത്ഥിയായ 16 കാരനാണു സംഭവത്തിനു പിന്നിലെന്ന് വ്യക്തമായത്‌.

വിദ്യാലയത്തിൽ നിലവിൽ അർദ്ധ വാർഷിക പരീക്ഷ നടക്കുകയാണ്. വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റി വെക്കുന്നതിനു വേണ്ടി വിദ്യാർത്ഥി മുഖം മൂടി ധരിച്ച്‌ കൊണ്ട്‌ പുലർച്ചെ സ്കൂളിൽ എത്തുകയും മണ്ണെണ്ണ ഉപയോഗിച്ച്‌ പ്രധാന അധ്യാപകന്റെ മുറിയിൽ തീ വെക്കുകയുമായിരുന്നു. ഓഫീസിലെ പ്രധാനപ്പെട്ട രേഖകൾ കത്തിച്ചു കളയുകയും ചെയ്തു. എന്നാൽ തീ ആളി പടർന്ന് വിദ്യാലയത്തിനു സാരമായ കേടുപാടുകൾ സംഭവിക്കുകയാണുണ്ടായത്‌. സാധാരണ രീതിയിലുള്ള തീ പിടുത്തം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മുഖം മൂടി ധരിച്ച ഒരാളെ പുലർച്ചെ കണ്ടിരുന്നുവെന്ന സ്കൂളിലെ കാവൽക്കാരന്റെ മൊഴിയാണു സംഭവത്തിലെ ദുരൂഹത നീക്കാൻ സഹായകമായത്‌.കാവൽക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരീക്ഷണ ക്യാമറ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ തീ വെച്ച വിദ്യാർത്തിയെ കണ്ടെത്തുകയായിരുന്നു.

പരീക്ഷ മാറ്റി വെക്കുന്നതിനു വേണ്ടിയാണു താൻ കൃത്യം നടത്തിയത്‌ എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. “സീനാറിയോ” എന്ന ഹോളി വൂഡ്‌ സിനിമയിൽ നിന്നും പ്രചോദനം ഉൾകൊണ്ട്‌ കൊണ്ടാണു താൻ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയത്‌ എന്നും കുട്ടി വെളിപ്പെടുത്തി.

DONT MISS
Top