ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിച്ചെന്നാരോപിച്ച് തൃഷക്കെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം

ചെന്നൈ:  ജെല്ലിക്കെട്ട്  അനുകൂലികളുടെ പ്രതിഷധത്തിന് ഇരയായിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷ. തൃഷ ധരിച്ച ഒരു ടീഷര്‍ട്ടാണ് ജെല്ലിക്കെട്ട് അനുകൂലികളെ അവര്‍ക്കെതിരെ തിരിച്ചത്.  തൃഷ ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ശനിയാഴ്ചയ്ക്ക് മുന്‍പ് ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.  ഇതെ തുടര്‍ന്ന് തമിഴ്‌നാട്ടിലെങ്ങും പ്രതിഷധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.  ഈ അവസരത്തിലാണ് പെറ്റ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഫോര്‍ ആനിമല്‍സ്) യുടെ ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ആളുകള്‍ തൃഷക്കെതിരെ തിരിഞ്ഞത്.

പെറ്റ യുടെ ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന തൃഷയുടെ ചിത്രമുള്ള പോസ്റ്ററുമായാണ് ജെല്ലിക്കെട്ട് അനുകൂലികള്‍ തൃഷക്കെതിരെ പ്രതിഷേധം നടത്തുന്നത്.  സോഷ്യല്‍ മീഡിയയിലും തൃഷക്കെതിരെ ഇവര്‍ ആക്രമണം തുടരുകയാണ്.  കഴിഞ്ഞ വ്യാഴാഴ്ച തൃഷ മരിച്ചു പോയെന്നുവരെ ഇവര്‍ വാര്‍ത്തകള്‍ പരത്തി.

ജെല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ പെറ്റ നടത്തിയിരുന്നു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പെറ്റ  കോടതിയെ സമീപിച്ചിരുന്നു. ജെല്ലിക്കെട്ട് നിരോധനത്തെ അനുകൂലിക്കുന്ന പെറ്റയ്ക്ക് പിന്‍തുണ നല്കിയെന്നാണ് തൃഷയ്‌ക്കെതിരയുള്ള ആരോപണം.  നടിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.

എന്നാല്‍ പെറ്റ യുടെ ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്തതാണെന്നും ജെല്ലിക്കെട്ടിനെതിരെ തൃഷ അടുത്തിടെ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

DONT MISS
Top