കുപ്പു ദേവരാജന്റെ സഹോദരനെ അസിസ്റ്റന്റ് കമ്മീഷണര്‍ അപമാനിച്ചതിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കുപ്പു ദേവരാജന്റെ സഹോദരനെ അസിസ്റ്റന്റ് കമ്മിഷ്ണര്‍ അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ മാസം 31നകം ഡിജിപിയോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. പൊതുപ്രവര്‍ത്തകനായ സിടി മുനീറിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.

കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ സി.റ്റി മുനീര്‍ നല്‍കിയ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിക്കാണ് നിര്‍ദേശം നല്‍കിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധറിനെ ജനക്കൂട്ടത്തിനിടയില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അസിസ്റ്റന്റ് കമ്മിഷ്ണര്‍ എം പി പ്രേമദാസിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കുപ്പു ദേവരാജിന്റെ സംസ്‌കാര ചടങ്ങിനിടെ ശ്രീധറിന്റെ കോളറില്‍ പിടിച്ചുതള്ളി സംസ്‌കാരം വേഗത്തിലാക്കാന്‍ അസിസ്റ്റന്റ് കമ്മിഷ്ണര്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. ക്രമസമാധാന ചുമതല ഇല്ലാതിരുന്നിട്ടും സംസ്‌കാരചടങ്ങില്‍ ഉറ്റബന്ധുവിനെ അപമാനിച്ചെന്നും ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ജനുവരി 31നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസിന്റെ ഉത്തരവ്.

സംസ്‌കാരം വേഗത്തിലാക്കാന്‍ ഉത്തരവിടാനുള്ള അധികാരം അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് ഇല്ലാതിരുന്ന കാര്യം പരിഗണിച്ചാണ് കമ്മിഷന്റെ നടപടി. മൃതദേഹത്തെ കൂടി അപമാനിക്കുന്നതിന് തുല്യമാണെന്ന കാര്യവും കമ്മിഷന്‍ പരിഗണിച്ചു.

DONT MISS
Top