ഡിസിപ്ലിനറി ഒാഫീസര്‍മാര്‍ വാഴുന്ന നെഹ്റു കോളേജുകള്‍; താടി, മീശ, മുടി… അങ്ങനെ പിഴ ചുമത്താന്‍ ഒരോരോ കാരണങ്ങള്‍; ഐഡി കാർഡ് പിടിച്ചു വാങ്ങി, ഫൈനടപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റു ഗ്രൂപ്പിലെ കോളേജുകള്‍ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. കോളെജുകളില്‍ നിലനില്‍ക്കുന്ന മനുഷ്യത്വരഹിതമായ നിയമങ്ങളും നിഷ്ഠകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലക്കിടി നെഹ്‌റു കോളേജില്‍ താന്‍ നേരിട്ട് അനുഭവിച്ചിരുന്ന ദുരനുഭവം പങ്കുവെക്കുകയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അശ്വിന്‍ പിവി.

പാമ്പാടി നെഹ്‌റു കോളേജിന് സമാനമായി ലക്കിടി നെഹ്‌റു കോളേജിലും വിദ്യാര്‍ത്ഥികളില്‍ അന്യായമായി ഫൈന്‍ ഈടാക്കി വരുന്നുണ്ട്. ഇത് വെളിപ്പെടുത്തുന്നതാണ് പുതുതായി പുറത്ത് വന്ന ചിത്രങ്ങളും.

കടന്ന് വരുന്ന ഒരോ വിദ്യാര്‍ത്ഥികളെയും നിരീക്ഷിക്കാന്‍ കവാടത്തില്‍ നില്‍ക്കുന്ന ഡിസിപ്ലിനറി ഓഫീസര്‍മാര്‍ നിധി കാക്കുന്ന ഭൂതത്തെ പോലെയാണ്. താടിയോ മുടിയോ വളര്‍ത്തി വരുന്ന ഒരു വിദ്യാര്‍ത്ഥിയെ പോലും ഇവര്‍ കടത്തി വിടില്ല. താടിയിലും മുടിയിലും മാത്രം ഒതുങ്ങുന്നതല്ല അച്ചടക്കത്തിന്റെ മാനദണ്ഡങ്ങള്‍. ഷര്‍ട്ട് ഒരല്‍പം ഇന്‍സര്‍ട്ട് വിട്ട് പുറത്ത് ചാടിയാലോ, പാന്റ് ഒരല്‍പം താഴ്ന്ന് കിടന്നാലോ, ഐഡി കാര്‍ഡ് പോക്കറ്റിന് ഉള്ളില്‍ ഇട്ടാലോ ഇവര്‍ ഇടപെടും. അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും ഇവര്‍ ഐഡി കാര്‍ഡ് പിടിച്ച് വാങ്ങും. പിന്നീട് നൂറ് രൂപ ഫൈന്‍ അടച്ചാല്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഡി കാര്‍ഡ് തിരിച്ച് നല്‍കുക.

ലക്കിഡി നെഹ്‌റു കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അശ്വിന് നേരിടേണ്ടി വന്ന മറ്റൊരു ദുരനുഭവം ഇങ്ങനെയാണ്-

ഫൈനല്‍ ഇയര്‍ പ്രോജക്ടിന്റെ സമയത്താണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുന്നത്. ലഞ്ച് ടൈം 45 മിനിറ്റാണ്. പ്രോജക്ടിന്റെ സമയമായതിനാല്‍ 200 മീറ്റര്‍ അകലെയുള്ള മെസില്‍ നിന്നും കഴിച്ച് വരാന്‍ സമയം തികയുമായിരുന്നില്ല. അതിനാല്‍, ക്ലാസില്‍ ഇരുന്ന് തന്നെ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ ഇത് കണ്ട ഡിസിപ്ലനറി ഓഫീസര്‍ ക്ലാസിലേക്ക് കടന്ന് വന്ന് ക്ലാസിലിരുന്ന ഭക്ഷണം കഴിച്ച താനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ പിഴ ചുമത്തി. പിഴ അന്ന് ഉച്ചയ്ക്ക് തന്നെ അടയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും കൂടെ ലഭിച്ചതായി അശ്വിന്‍ പറയുന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ ഫൈന്‍ സമയത്ത് തന്നെ അടച്ച അശ്വിന്‍, അന്ന് വൈകുന്നേരം തന്നെ കോളേജുമായി ബന്ധപ്പെട്ട ഒരു സ്റ്റാറ്റസ് ഫെയ്‌സ്ബുക്കില്‍ ഇടുകയുണ്ടായി. അതോടെ വീണ്ടും വന്നു ഡിസിപ്ലനറി ഓഫീസര്‍. കോളേജിനെ സംബന്ധിച്ചുള്ള സ്റ്റാറ്റസുകളും ഫെയ്‌സ്ബുക്കില്‍ കുറിക്കാന്‍ പാടില്ല എന്ന അലിഖിത നിയമവും ഡിസിപ്ലനറി ഓഫീസര്‍ മുന്നോട്ട് വെച്ചു. ഒടുവില്‍ അധ്യാപകരുടെ നിര്‍ദ്ദേശം പരിഗണിച്ച് കോളേജിന് എതിരായ കുറിപ്പ് പോസ്റ്റ് ചെയ്തതില്‍ ഖേദിക്കുന്നു എന്ന് വ്യക്തമാക്കി കൊണ്ട് അശ്വിന് ഫെയ്‌സ്ബുക്കില്‍ രണ്ടാം പോസ്റ്റ് ഇടേണ്ടതായും വന്നു. അതോടെയാണ് അന്നത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചതെന്ന് അശ്വിന് സൂചിപ്പിക്കുന്നു.

DONT MISS
Top