കള്ളക്കടത്തുകാരന്റെ വീട്ടില്‍ റെയ്ഡ്; പിടികൂടിയത് 6,000 ആമകളെ

പോലീസ് സംഘം രക്ഷപ്പെടുത്തിയ ആമകള്‍

അമേഠി: അന്താരാഷ്ട്ര വിപണിയില്‍ എന്തിനും ആവശ്യക്കാരുണ്ട്. അതിനാല്‍ വിലകൂടിയതും നിയമ വിധേയമല്ലാത്തതുമായ മറ്റ് സാധനങ്ങള്‍ പോലെതന്നെ ചില ജീവികളും ചെടികളുമൊക്കെ പുറത്തേക്ക് കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. വെള്ളിമൂങ്ങയും നക്ഷത്രആമകളുമെല്ലാം കള്ളക്കടത്തിന് വിധേയരാകുന്ന ജീവികള്‍ക്കിടയിലെ സൂപ്പര്‍ താരങ്ങളാണ്.എന്നാല്‍ സാധാരണ ആമകളേയും കള്ളക്കടത്തുകാര്‍ വെറുതെവിടുന്നില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടികൂടിയത് പത്തോ നൂറോ അല്ല, ആറായിരം ആമകളെയാണ്.

ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് അമേഠിയിലെ ഒരു കള്ളക്കടത്തുകാരന്റെ വീട് റെയ്ഡ് ചെയ്ത് 6,000 ആമകളെ രക്ഷപ്പെടുത്തിയത്. ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. ‘ഒരൊറ്റ സ്ഥലത്തുനിന്ന് വളരെയേറെ ആമകളെയാണ് ഞങ്ങള്‍ രക്ഷപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട മറ്റാളുകളുടേയും കള്ളക്കടത്ത് സംഘങ്ങളുടേയും പങ്ക് പരിശോധിച്ചു വരികയാണ്’. റെയ്ഡില്‍ പങ്കെടുത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് ചതുര്‍വേദി പറഞ്ഞു.

ബംഗ്ലാദേശ്, മ്യാന്‍മര്‍, ചൈന, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് കള്ളക്കടത്തുകാര്‍ ഇത്തരം ജീവികള്‍ക്ക് വിപണി കണ്ടെത്തുന്നത്. ഇറച്ചി എടുക്കുന്നതിനു പുറമെ മരുന്നിനായും ഇവയെ ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരം ജീവികള്‍ക്ക് യാതൊരു ഔഷധ ഗുണവുമില്ലന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

DONT MISS
Top