ഈ സ്‌ട്രോബറിപ്പഴത്തിന്റെ ചിത്രം നിങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കൊരു രോഗമുണ്ട്

വിത്തുകള്‍ പഴത്തില്‍ത്തന്നെ നിന്ന് മുളച്ച സ്‌ട്രോബറിപ്പഴം

തികച്ചും ലഘുവായ, അധികമൊന്നും ശ്രദ്ധിക്കപ്പെടാത്ത ചില പ്രത്യേകതകള്‍ എല്ലാ മനുഷ്യര്‍ക്കുമുണ്ടാവും. പെട്രോള്‍, ഡീസല്‍ മുതലായവയുടെ മണത്തിനോടുള്ള ഇഷ്ടം, ചില വസ്തുക്കളില്‍ ആണിപോലുള്ളവ ഉരസുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഉള്ള അസ്വസ്ഥത അങ്ങനെ പോകുന്നു അത്തരം പ്രത്യേകതകള്‍. ചിലര്‍ക്ക് ഒരുപടികൂടി കടന്ന് ചിലതരം ഭയങ്ങള്‍ ഉണ്ടാവും. ഉദാഹരണത്തിന് സീലിംഗ് ഫാനിന്റെ താഴെ ഇരിക്കാനുള്ള ഭയം, ലിഫ്റ്റ് ഉപയോഗിക്കാനുള്ള ഭയം എന്നിങ്ങനെ. ഇതിനെയെല്ലാം ശാസ്ത്രലോകം പഠനവിധേയമാക്കുകയും ഓരോ ചെറു പ്രത്യേകതകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പേരുനല്‍കുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു ചെറുപ്രശ്‌നം നിങ്ങള്‍ക്കുണ്ടോ എന്ന് പരിശോധിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങുകയാണ്.

ഒരു കൊച്ചു സ്‌ട്രോബറിപ്പഴത്തിന്റേതാണ് ചിത്രം. അതിന്റെ വിത്തുകള്‍ പഴത്തില്‍ത്തന്നെ നിന്ന് മുളച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ സാധാരണഗതിയില്‍ അതു കാണാന്‍ ഒരു കൗതുകമുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഈ ചിത്രം അത്ര നല്ല അനുഭവമല്ല പ്രദാനം ചെയ്യുക. അവര്‍ക്ക് ചിത്രം അറപ്പും വെറുപ്പും ഉണ്ടാക്കിയേക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രലോകം നല്‍കുന്ന പേരാണ് ട്രൈപ്പോഫോബിയ.

ചിലതരം കുഴികളോടും ഉയര്‍ച്ചകളോടുമുള്ള ഭയമാണിത്. ഇത്തരം ഉയര്‍ച്ചകളും കുഴികളും ഒരു പ്രത്യക രീതിയില്‍ ആവര്‍ത്തിച്ചു വരുമ്പോള്‍ ട്രൈപ്പോഫോബിയ ഉള്ളവര്‍ക്ക് വെറുപ്പ് വര്‍ധിക്കും. ഇത് ഏറിയും കുറഞ്ഞും മിക്ക മനുഷ്യരിലും ഉണ്ടാവും. ചിലര്‍ക്ക് കേക്ക് മുറിച്ചത് കാണുമ്പോഴോ തേനീച്ചക്കൂട് കാണുമ്പോഴോ ഇതുണ്ടാവാം. ട്രൈപ്പോഫോബിയ ഉള്ളവരുടെ തലച്ചോറില്‍ പൂര്‍ണമായും മനസിലാക്കാന്‍ പറ്റാത്ത കുഴികള്‍ അടങ്ങിയ പാറ്റേണുകളോട് ഭയമുണ്ട്. എന്തായാലും ട്രൈപ്പോഫോബിയയെ വലിയ പ്രശ്‌നമായൊന്നും ശാസ്ത്രലോകം കാണുന്നില്ല.

ചില വിരുതന്മാര്‍ അത്തരം ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിര്‍മിച്ച് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. മനുഷ്യരുടെ ദേഹത്തും പാറ്റേണുകള്‍ കൂട്ടിച്ചേര്‍ത്ത് ഇവര്‍ ചിത്രങ്ങള്‍ ഉണ്ടാക്കി ഒരേ സമയം ചിത്രം കാണാനുള്ള ത്വരയും അതേസമയം അറപ്പും സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ചിത്രം കാണുന്ന ചിലര്‍ ഇത് മനുഷ്യന്റെ ദേഹത്തുണ്ടാകുന്ന രോഗമാണെന്നുവരെ തെറ്റിദ്ധരിക്കുന്നുണ്ട്.

DONT MISS
Top