24000 കോടിയുടെ വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ വരെ ചെലവാക്കിയത് 7784.69 കോടി രൂപ മാത്രം; ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കേവലം രണ്ടു മാസം മാത്രം അവശേഷിക്കേ പദ്ധതി തുകയുടെ കണക്കെടുപ്പ് നടത്തിയാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 24000 കോടിയുടെ വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ വരെ ചെലവാക്കിയത് 7784.69 കോടി രൂപ മാത്രമാണെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നൂറു ദിവസം തികച്ചപ്പോള്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ചെലവഴിക്കാന്‍ കഴിഞ്ഞത് 32.44% തുക മാത്രമാണ് എന്നറിയുമ്പോഴാണ് ഇടതു സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം വ്യക്തമാകുന്നത്. റേഷന്‍ വിതരണം താറുമാറാവുകയും മാര്‍ക്കറ്റില്‍ അരിവില കുതിച്ചുയരുകയും ചെയ്തിട്ടും ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് ഇതൊന്നുമറിഞ്ഞ മട്ടില്ല. കേവലം 6.83% തുക മാത്രമാണ് അവര്‍ ഇത് വരെ ചിലവാക്കിയിട്ടുള്ളതെന്നും വകുപ്പ് മന്ത്രി തിലോത്തമന്‍ രാഷ്ട്രീയം പ്രസംഗിച്ച് നടക്കുന്നതല്ലാതെ ഭരണകാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറിച്ചു. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും നഗരസഭകളുടെയും പദ്ധതി നിര്‍വഹണം കുഴഞ്ഞു മറിഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി തുകയില്‍ കേവലം 11.73% മാത്രമാണ് ചെലവഴിക്കാന്‍ കഴിഞ്ഞത്. പരിസ്ഥിതി (19.61%), പ്ലാനിംഗ് (13.98%), ആഭ്യന്തരം (6.5%), തുറമുഖം (14.15%), നികുതി (18.24%), ട്രാന്‍സ്‌പോര്‍ട്ട് (22.14%), ആയുഷ് (24.32), റവന്യൂ (29.98%) തുടങ്ങി മിക്ക വകുപ്പുകളും പിന്‍ബഞ്ചിനു വേണ്ടിയാണ് മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടു മാസം മാത്രമാണ് മുന്നിലുളതെന്നും പദ്ധതി നടപ്പാകാതിരിക്കാന്‍ കാരണക്കാരനായി സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ കുറ്റപ്പെടുത്തുന്നത് ധനകാര്യമന്ത്രി തോമസ് ഐസക്കിനെയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എങ്ങനെ പദ്ധതി നടപ്പാക്കാതിരിക്കാം എന്ന കാര്യത്തിലാണ് അദ്ദേഹത്തിന്റെ ഗവേഷണമെന്നും രമേശ് ചെന്നിത്തല കുറിച്ചു.

DONT MISS
Top