ലോധ ഇഫക്ട് : സെലക്ഷന്‍ കമ്മിറ്റിയിലും മാറ്റം; രണ്ടുപേരെ ഒഴിവാക്കി

ഫയല്‍ ചിത്രം

മുംബൈ : ലോധ സമിതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിയിലും മാറ്റം. സെലക്ഷന്‍ കമ്മിറ്റിയിലെ ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കാത്ത രണ്ടു സെലക്ടര്‍മാര്‍ക്ക് ഇറാനി ട്രോഫിയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ യോഗ്യതയില്ലെന്ന് ലോധ കമ്മിറ്റി ബിസിസിഐയെ അറിയിച്ചു. ഇതനുസരിച്ച് ഇറാനി ട്രോഫിയ്ക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ പാനലില്‍ നിന്നും ഗഗന്‍ ഘോഡ, ജതിന്‍ പരഞ്ജ്‌പെ എന്നിവരെ ഒഴിവാക്കി.

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയ്ക്ക് അയച്ച കത്തിലാണ് ലോധ കമ്മിറ്റി സെക്രട്ടറി ഗോപാല്‍ ശങ്കരനാരായണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലെ ടെസ്റ്റ് മല്‍സര പരിചയമുള്ള മൂന്നംഗങ്ങള്‍ ടീമിനെ തെരഞ്ഞെടുത്താല്‍ മതിയെന്ന് ലോധ കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ നിന്നും ഇരുവരെയും ഒഴിവാക്കുമെന്നാണ് സൂചന.

അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ചെയര്‍മാന്‍ എംഎസ് കെ പ്രസാദ്, ദേവാങ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവരാണ് ടെസ്റ്റ് മല്‍സര പരിചയമുള്ളവര്‍. മറ്റു സെലക്ടര്‍മാരായ ഗഗന്‍ ഘോഡ, ജതിന്‍ പരഞ്ജ്‌പെ എന്നിവര്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര തടസ്സമില്ലാതെ നടക്കുമെന്നത് സംബന്ധിച്ച് സംസ്ഥാന അസോസിയേഷനുകളില്‍ നിന്നും രേഖാമൂലമുള്ള ഉറപ്പ് വാങ്ങണമെന്നും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയ്ക്ക് ലോധ കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരം അയോഗ്യരാക്കപ്പെട്ട ബിസിസിഐ ഭാരവാഹികള്‍ തല്‍സരം തടസ്സപ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലോധ സമിതി, ഉറപ്പ് വാങ്ങാന്‍ ബിസിസിഐയ്ക്ക് നിര്‍ദേശം നല്‍കിയത്.

DONT MISS
Top