എന്‍ഡിഎ കേരള വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന് ‘റിപ്പബ്ലിക്കി’ല്‍ 30 കോടിയുടെ നിക്ഷേപം

അര്‍ണാബ് ഗോസ്വാമി, രാജീവ് ചന്ദ്രശേഖര്‍

ദില്ലി: ടൈംസ് നൗ ചാനലിലെ ന്യൂസ് അവര്‍ ഡിബേറ്റിന്റെ അവതാരകനും എഡിറ്റര്‍-ഇന്‍-ചീഫുമായിരുന്ന അര്‍ണാബ് ഗോസ്വാമിയുടെ പുതിയ മാധ്യമ സംരംഭമായ റിപ്പബ്ലിക്കില്‍ രാജീവ് ചന്ദ്രശേഖറിന് 30 കോടിയുടെ നിക്ഷേപം. എന്‍ഡിഎ മുന്നണിയുടെ കേരള ഘടകത്തിന്റെ വൈസ് ചെയര്‍മാനും രാജ്യസഭാംഗവുമാണ് രാജീവ് ചന്ദ്രശേഖര്‍. പുതിയ സംരംഭത്തിന്റെ ഉടമസ്ഥരായ എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ രാജീവ് ചന്ദ്രശേഖറിന് 30 കോടി രൂപയുടെ നിക്ഷേപം ഉണ്ടെന്ന് ദേശീയ മാധ്യമമായ ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പബ്ലിക്ക് എന്ന പേരിലുള്ള ചാനലിന് ലൈസന്‍സ് ലഭിക്കാനായി നവംബറില്‍ അപേക്ഷ നല്‍കിയിരുന്നു. എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഭാഗമായിട്ടായിരിക്കും ‘റിപ്പബ്ലിക്ക്’ പ്രവര്‍ത്തിക്കുക. നിലവില്‍ ഏഷ്യാനെറ്റിന്റെ മേധാവി കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇദ്ദേഹത്തെ കൂടാതെ അര്‍ണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള സാര്‍ഗ് മീഡിയ ഹോര്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡും ‘റിപ്പബ്ലിക്കി’നായി പണം മുടക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 26 കോടി രൂപയാണ് സാര്‍ഗ് മീഡിയ ഹോര്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എആര്‍ജി ഔട്ട്‌ലിയറില്‍ മുടക്കിയിട്ടുണ്ട്. മോഹന്‍ദാസ് പൈ സ്ഥാപിച്ച ആരിന്‍ കാപ്പിറ്റര്‍ പാര്‍ട്‌നേഴ്‌സ് ‘റിപ്പബ്ലിക്കി’ല്‍ 7.5 കോടി രൂപയാണ് മുടക്കിയിരിക്കുന്നത്.

ടൈംസ് നൗ ചാനലിലെ രാത്രി ചര്‍ച്ചയായ ന്യൂസ് അവര്‍ ഡിബേറ്റിലൂടെ മാധ്യമ രംഗത്ത് തന്റേതായ ശൈലി അവലംബിച്ച വ്യക്തിയാണ് അര്‍ണബ്. ആക്രമണാത്മക രീതിയിലുള്ള അവതരണം അര്‍ണബിന് ആരാധകരേയും വിമര്‍ശകരേയും ഒരുപോലെ സമ്മാനിച്ചു. പൊടുന്നനെയുള്ള അര്‍ണബിന്റെ രാജി ആരാധകരെ വളരെയേറെ നിരാശരാക്കിയിരുന്നു. ആ നിരാശയാണ് ഇപ്പോള്‍ റിപ്പബ്ലിക്കിലൂടെ വഴിമാറിയിരിക്കുന്നത്.

1995 ലാണ് അര്‍ണബ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് ടെലഗ്രാഫ്, എന്‍ഡിടിവി എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ടൈംസ് നൗവിലെത്തിയ അര്‍ണബ് 2006 ല്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയി. പത്തുവര്‍ഷത്തോളം ആ സ്ഥാനം അലങ്കരിച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങിയത്.

DONT MISS
Top