സമരത്തെ വകവെയ്ക്കാതെ റിലീസിനൊരുങ്ങി മലയാള ചിത്രങ്ങള്‍; ജോമോന്‍ 19 നും മുന്തിരിവള്ളി 20 നും എത്തും


സിനിമ സമരത്തെ വെല്ലുവിളിച്ച് പുതിയ മലയാള സിനിമകലള്‍ റിലീസിനൊരുങ്ങുന്നു. ദുല്‍ക്കര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ 19 നും മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 20 നും റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. വിതരണക്കാരുടെ സംഘടനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും ഇരു സിനിമകളുടെയും നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി.

നിലവിലുള്ള തിയറ്റര്‍ വിഹിതം നല്‍കുന്ന തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. ലിബര്‍ട്ടി ബഷീറിന്റെ ഫെഡറേഷനു കീഴിലുള്ള മിക്ക തിയറ്ററുകളും ഇരു സിനിമകളും പ്രദര്‍ശിപ്പിക്കാമെന്ന് കരാര്‍ ഏറ്റിരുന്നതാണ്. പുതിയ മലയാള സിനിമകള്‍ ബി ക്ലാസ് സെന്ററുകളിലും ഫെഡറേഷനു പുറത്തുള്ള എ ക്ലാസ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നത് ഫെഡറേഷന്‍ തിയറ്ററുടമകള്‍ക്ക് കനത്ത തിരിച്ചടിയാകും. മലയാള സിനിമകള്‍ ഒഴിവാക്കി മറ്റു ഭാഷാ ചിത്രങ്ങളുമായി മുന്നോട്ടു പോകുവാനുള്ള ഇവരുടെ തീരുമാനം ഫലം കാണാത്തതും ഫെഡറേഷന്‍ തിയറ്റര്‍ ഉടമകളെ മറിച്ചു ചിന്തിപ്പിച്ചേക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ കണക്കു കൂട്ടല്‍. സമരം നീളുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും വരുന്ന സീസണുകള്‍ റിലീസിന് അനുകൂലമല്ലാത്തതുമാണ് നിര്‍മ്മാതാക്കളുടെ ഈ നീക്കത്തിനു കാരണം.

നിലവില്‍ ഷിഫ്റ്റിംഗ് സെന്ററായും ബി ക്ലാസായും പ്രവര്‍ത്തിക്കുന്ന സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ എല്ലാ തിയറ്ററുകള്‍ക്കും സിനിമ നല്‍കും. പിന്നീട് ഇവയെ റിലീസ് സെന്ററാക്കി മാറ്റും. കാര്‍ണിവല്‍ ഗ്രൂപ്പ്, ആശിര്‍വ്വാദ് സിനിമാസ്, ഷേണായ് സിനിമാസ്, ഡി സിനിമാസ്, സെന്‍ട്രല്‍ പിക്‌ചേഴ്‌സിനു കീഴിലുള്ള തിയറ്ററുകള്‍ തുടങ്ങിയിടങ്ങളും റിലീസിന് തയാറാണ്. ലഭിക്കാവുന്ന പരമാവധി തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാനാണ് വിതരണക്കാരുടെ നീക്കം. ഇങ്ങനെയെങ്കില്‍ ജോമോന്റെ സുവിശേഷങ്ങളും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും ഉടന്‍ തിയറ്ററുകളിലെത്തും.

DONT MISS
Top