‘അറിയുമോ, ബാബറി മസ്ജിദ് പൊളിച്ചപ്പോൾ വാവിട്ടുകരഞ്ഞ് സെക്രട്ടേറിയേറ്റിന് ചുറ്റും അലറിയോടിയ അലൻസിയറെ?’

കൊച്ചി: സംവിധായകന്‍ കമലിനോട് രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയറിന് പിന്തുണയുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി. കമലിന്റെ പടത്തില്‍ റോളിന് വേണ്ടിയാണ് അലന്‍സിയര്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്ന വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് മാല പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാവാന്‍ സാദ്ധ്യതയില്ലെന്ന് വിമര്‍ശകര്‍ക്ക് നേരെ മാല പാര്‍വതി ആഞ്ഞടിച്ചു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയര്‍. നാടകക്കാരന്‍ ആയത് കൊണ്ട് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ലെന്ന് മാള പാര്‍വതി അറിയിച്ചു. അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കുമെന്നും അത് അവര്‍ കലയാക്കുമെന്നും സൂചിപ്പിച്ച മാല പാര്‍വതി, അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് എന്ന് കൂട്ടിച്ചേര്‍ത്തു. റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍സിയറെന്ന് മാല പാര്‍വതി വ്യക്തമാക്കി. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ലെന്ന് മാള പാര്‍വതി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കമലിന് പിന്തുണ നല്‍കി കൊണ്ട് ആഷിഖ് അബു, ടോവീനോ തോമസ്, അനൂപ് മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു. രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ, ഞാന്‍ ജനിച്ച ഇന്ത്യ, ഞാന്‍ വളര്‍ന്ന ഇന്ത്യ, ഞാന്‍ ജീവിക്കും ഇവിടെ. ഇത് പ്രതിഷേധമല്ല , പ്രതിരോധം തന്നെയാണ് അലന്‍സിയര്‍ ലെ ലോപ്പസ്, അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് എന്ന് ടോവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

DONT MISS
Top