ടോംസ് കോളേജ് ചെയർമാനുമായി ഉമ്മൻ ചാണ്ടിക്ക് അവിശുദ്ധ ബന്ധമെന്ന് എസ്എഫ്ഐ; ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ വൈറൽ, കൂട്ടുകെട്ടാണ് ടോംസിനെ വഴിതെറ്റിച്ചതെന്ന് ട്രോളന്മാർ

ഉമ്മൻ ചാണ്ടിയും മറ്റക്കര ടോംസ് കോളേജ് ചെയർമാൻ ടോം ടി ജോസഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് എസ്എഫ്ഐ. കോളജിലും ഹോസ്റ്റലിലും വിദ്യാർഥികൾ അനുഭവിക്കുന്ന ക്രൂര പീഢനങ്ങളെക്കുറിച്ച് പരാതി പറയാനെത്തിയ രക്ഷിതാക്കളെ കാണാൻ പോലും സ്ഥലം എംഎൽഎ കൂടിയായ ഉമ്മൻ ചാണ്ടി തയാറായില്ലെന്നാണ് എസ്എഫ്ഐ യുടെ ആരോപണം. മാത്രമല്ല ഉമ്മൻ ചാണ്ടിയും കോളേജ് ചെയർമാനും തമ്മിലുള്ള ഊഷ്മള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളടക്കം തങ്ങളുടെ പക്കലുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി തോമസ് പറഞ്ഞു.

ടോംസിന് വർഷങ്ങളായി ഇത്തരം പീഡനങ്ങൾ തുടരാനാവശ്യമായ രാഷ്ട്രീയ സംരക്ഷണം പലരും നൽകുന്നുവെന്ന ആരോപണം മുൻപ് തന്നെ ഉയർന്നിരുന്നു. ഇതിലാണ് ഇപ്പോൾ എസ് എഫ് ഐ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ടോംസിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുന്ന നിരവധി‌ ചിത്രങ്ങളുണ്ട്. ഈ ബന്ധമാണ് രാഷ്ട്രീയമായ ആയുധമാക്കാൻ എസ്എഫ്ഐ ഒരുങ്ങുന്നത്.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി പീഡനങ്ങൾക്ക് പിന്നിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ പുതിയ വിവാദങ്ങൾക്കാകും വഴിവെക്കുക. മന്ത്രി എ കെ ബാലന് നെഹ്റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും മുൻപ് ആരോപണമുയർന്നിരുന്നു. ഉമ്മൻ ചാണ്ടിയെക്കൂടാതെ മുൻ എം എൽഎ അബ്ദുള്ളക്കുട്ടിയും ടോംസിന്റെ ഫെയ്സ്ബുക്ക്‌ പ്രൊഫൈലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടിയുമായി നടക്കുന്ന ചിത്രമായിരുന്നു ടോംസിന്റെ മുൻ കവർ ചിത്രവും. ചിത്രങ്ങൾ പ്രചരിച്ചതോടെ, കൂട്ടുകെട്ടാണ് ടോമിനെ ‘കോഴി’യാക്കിയത് എന്ന ആരോപണവുമായി ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട്. കുസാറ്റ് ഹോസ്റ്റലിൽ പെൺകുട്ടികൾ ബിയർ കുടിച്ചുവെന്ന ഓൺലൈൻ പത്ര റിപ്പോർട്ടും ടോം ഷെയർ ചെയ്തിട്ടുണ്ട്. ഇതും ട്രോളിന് കാരണമായിട്ടുണ്ട്.

അത്തരം ചില ട്രോളുകളിലേക്ക്-

ടോംസ് കോളേജിലെ വിദ്യാര്‍ത്ഥികളെ കോളേജ് ചെയര്‍മാനായ ടോം ടി ജോസഫും അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് നിരന്തരമായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന് രക്ഷിതാക്കള്‍ ഇന്നലെ സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രിയില്‍ പോലും ചെയര്‍മാന്‍ കടന്നുചെല്ലുകയും കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്യാറുണ്ട്. ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളോട് നിനക്കൊക്കെ ബോംബെയിലെ ചുവന്ന തെരുവില്‍ പോയിക്കൂടെ എന്ന തരത്തിലുള്ള സംസാരം കോളേജ് ചെയര്‍മാന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാവാറുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പിഴയും കോളേജ് അധികൃതര്‍ ഈടാക്കുന്നത്. കോളേജില്‍ മുന്‍പ് നിലനിന്നിരുന്നതിനേക്കാള്‍ അതി ഭീകരവും ദുരൂഹവുമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് സമീപകാലത്തെ സംഭവങ്ങള്‍ നിരത്തിയാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

കോളേജിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ചു പരാതിയില്‍ ആക്ഷേപം ഉയരുന്നുണ്ട്. യോഗ്യതയില്ലാത്തവരാണ് ഇവിടെ അധ്യാപകരായെത്തുന്നതെന്നും ഒരു പഠനവകുപ്പിനും വകുപ്പ് മേധാവികളില്ലെന്നും വിദ്യാര്‍ത്ഥികളുടെനാനാവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രശ്‌നപരിഹാര സെല്ല് പ്രവര്‍ത്തിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ടോംസ് കേളേജില്‍ നടക്കുന്ന നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ട് കുട്ടികളെ സംരക്ഷിക്കണമെന്ന് കാണിച്ചാണ് കോട്ടയം ജില്ലാ കളക്ടര്‍ക്ക് എട്ടോളം രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

രക്ഷിതാക്കള്‍ നല്‍കിയ പരാതിക്ക് പുറമേ കോളേജിലെ രീതികളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയാണ് കോളേജിലെ ഞെട്ടിക്കുന്ന അനുഭവങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് വിവരങ്ങള്‍ പങ്കുവെച്ചത്.

 ഹോസറ്റലിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെന്നോണം ഹോസ്റ്റലിലെത്തുന്ന ചെയര്‍മാന്റെ സന്ദര്‍ശനം പാതിരാവ് വരെ നീളുന്നു എന്നു തുടങ്ങി ലൈംഗീക ചുവയുള്ള സംസാരങ്ങളും ടോയ്‌ലെറ്റിലേയും മെസ്സിലേയും ദുരനുഭവങ്ങള്‍ വരെ നീളുന്നു പീഡനകഥകള്‍. രാത്രി എട്ടരകഴിഞ്ഞു മാത്രം ഉണ്ടാവുന്ന ചെയര്‍മാന്റെ ഹോസ്റ്റല്‍ സന്ദര്‍ശനമാണ് പെണ്‍കുട്ടികളുടെ പ്രധാന പരാതി. ചെയര്‍മാന്‍ വരുമ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ഏതു വേഷത്തിലാണോ അതുപോലെ നിന്നോളണം. നൈറ്റ് ഡ്രസ് ഇടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ഷാള്‍ പോലും ഇടാന്‍ സമ്മതിക്കില്ല. പെണ്‍കുട്ടികളുടെ ടീഷര്‍ട്ടിലെ ഡയലോഗുകള്‍ മറ്റുള്ള കുട്ടികളെക്കൊണ്ട് വായിപ്പിച്ച് അര്‍ത്ഥം പറയിപ്പിക്കുക, നിലത്തു കിടക്കുന്ന സാധനങ്ങള്‍ കുനിഞ്ഞ് എടുപ്പിക്കുക, തുടങ്ങിയ വഷളന്‍ പരിപാടികളാണു ചെയര്‍മാന്‍ സ്ഥിരം നടത്തുന്നത്. മൂന്നാം വര്‍ഷ വിദ്യര്‍ത്ഥിനിയെയാണു ഹോസ്റ്റല്‍ വാര്‍ഡന്‍ ആക്കി നിയമിച്ചിരിക്കുന്നത്. ചെയര്‍മാന്‍ സംസാരിക്കുമ്പോള്‍ തിരിഞ്ഞുനോക്കാന്‍ പോലും പാടില്ലെന്നാണു നിയമം. എതിര്‍ത്തു സംസാരിച്ച പെണ്‍കുട്ടിയോടു നീ പഠിക്കേണ്ടവളല്ല, വല്ല റെഡ്‌സ്ട്രീറ്റിലും ജോലി അന്വേഷിക്കൂവെന്നു ചെയര്‍മാന്‍ ആക്ഷേപിച്ചതായി ഒരു വിദ്യാര്‍ത്ഥിനിഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി.

രാവിലെ ആറുമണി മുതല്‍ എട്ടുമണി വരെ ഹോസ്റ്റലിലെ ബെഞ്ചില്‍ ഇരുന്നു വിദ്യാര്‍ത്ഥികള്‍ പഠിക്കണം. ആരെങ്കിലും ഉറക്കം തൂങ്ങിയാല്‍ ചെയര്‍മാന്റെ ശിക്ഷ വരും. നാലു നിലയുള്ള കെട്ടിടത്തിന്റെ സ്റ്റെയര്‍കേസ് പത്തുവട്ടം ഓടിക്കയറണം. ചിലപ്പോള്‍ അതിലും നില്‍ക്കില്ല. കോളേജ് ഹോസ്റ്റലിലെ ടോയ്‌ലെറ്റുകള്‍ മുഴുവന്‍ വൃത്തിയാക്കാനും നിര്‍ദ്ദേശം വരും. ഹോസ്റ്റലില്‍ വാര്‍ഡനും ജീവനക്കാരുമൊന്നുമില്ല. ടോയ്‌ലെറ്റ് കഴുകല്‍ മുതല്‍ മെസില്‍ ചപ്പാത്തി പരത്തുന്നതുവരെ വിദ്യാര്‍ത്ഥികളാണ്. ചെയര്‍മാന് പ്രിയപ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥികളെയാണ് ഹോസ്റ്റലുകളുടെ വാര്‍ഡനായി നിയമിക്കുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തുന്നു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ചെയര്‍മാന്റെ അനാവശ്യ ഇടപെടലുകള്‍ക്ക് പുറമേ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലുമുണ്ട് നിരവധി വിലക്കുകള്‍. രണ്ട് കട്ടിലുകള്‍ ഒരുമിച്ചിടുന്നതിന് പോലും വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ ക്ലാസ്സില്‍ ഒന്ന് ഉറക്കം തോന്നിയാല്‍ പോലും കടുത്ത ശിക്ഷകളാണ് ചെയര്‍മാന്‍ നല്‍കുന്നതെന്നും കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഇതിനെതിരെ പ്രതിഷേധിക്കാനെത്തിയാല്‍ എന്റെ സ്ഥാപനമാണ്, എനിക്കു തോന്നുന്നത് ചെയ്യും. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എനിക്കു തോന്നുമ്പോള്‍ കയറുമെന്നാണ് ചെയര്‍മാന്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മുന്നില്‍ വച്ചു പറഞ്ഞതെന്ന് രക്ഷകര്‍ത്താവ് വരെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

DONT MISS
Top