‘നീതി വേണം’; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി

കോഴിക്കോട്: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളെജില്‍ മാനേജ്‌മെന്റ് പീഢനത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. അതേസമയം കോളെജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

രാവിലെ ഏഴരയോടെയാണ് നാദാപുരത്തെ വീട്ടിലെത്തി വിദ്യാഭ്യാസ മന്ത്രി സി രവീവന്ദ്രനാഥ് ജിഷ്ണുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചത്. മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രിയോട് ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് ഉത്തരവാദി മാനേജ്‌മെന്റാണെന്നും നിറകണ്ണുകളോടെ മാതാവ് മഹിജ പറഞ്ഞു.

ജിഷ്ണുവിന് ഉടന്‍ നീതി ലഭ്യമാക്കുമെന്നും ഇനിയൊരു കുട്ടിക്ക് ഈ ഗതിയുണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. അതേസമയം, ജിഷ്ണുവിന്റെ മരണത്തില്‍ കോളെജ് സി.ഇ.ഓ ഉള്‍പ്പടെ 5 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് മഹിജ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി.

മാനസികമായി പീഡിപ്പിച്ച് മരണത്തിലേക്കെത്തിച്ചവരില്‍ പ്രധാനികള്‍ കോളെജ് സി.ഇ.ഓ കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലു, പി.ആര്‍.ഓ സഞ്ജിത്ത്,അധ്യാപകന്‍ ടി പി പ്രവീണ്‍ എന്നിവരാണെന്നും പരാതിയിലുണ്ട്. കോളെജ് അധികൃതരുടെ പങ്ക് സംബന്ധിച്ച തെളിവുകളും പരാതിയോടൊപ്പം കൈമാറിയിട്ടുണ്ട്.

DONT MISS
Top