‘ജിഷ്ണുവിന്റെ മരണം വിരൽചൂണ്ടുന്നത് സാങ്കേതിക സർവകലാശാലയുടെ കുത്തഴിഞ്ഞ സംവിധാനത്തിലേക്ക്’; സർവകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെട്ട് വിഎസ്

തൃശൂര്‍: പാമ്പാടി നെഹ്റു കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തു നല്‍കി.

നെഹ്റു കോളെജ് സംഭവത്തില്‍ താല്‍ക്കാലികമായി നടത്തിയ സമാശ്വാസ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന്റെ അടിവേരുകള്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ കുത്തഴിഞ്ഞ സംവിധാനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നെഹ്റു കോളേജില്‍ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് പല സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളെജുകളിലും വിദ്യാര്‍ത്ഥികള്‍ക്കു നേരെ സമാനമായ മാനസിക-ശാരീരിക പീഡനങ്ങള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സാങ്കേതിക സര്‍വ്വകലാശാലയുടെ ഭരണനേതൃത്വത്തെക്കുറിച്ച് ഗൗരവമായ പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നതെന്ന വിഎസ് പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ചില സില്‍ബന്ദികളും, അക്കാലത്ത് നിയമിക്കപ്പെട്ട പെന്‍ഷന്‍ പറ്റിയ ചില ഉദ്യോഗസ്ഥരുമാണ് ഇപ്പോഴും സര്‍വ്വകലാശാലയെ നയിക്കുന്നത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനോ, തക്ക സമയത്ത് ശക്തമായ ഇടപെടല്‍ നടത്താനോ ശേഷിയുള്ളവര്‍ ആരും സര്‍വ്വകലാശാലയുടെ നേതൃത്വത്തിലില്ല. സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴില്‍ അരങ്ങേറുന്ന പരീക്ഷാ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ചെല്ലാം താന്‍ നേരത്തെ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണെന്നും വിഎസ് പറഞ്ഞു.

ഇപ്പോള്‍ സര്‍ക്കാരിനെപ്പോലും പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ ഗുരുതരമായ സംഭവങ്ങളുണ്ടാവുന്ന പശ്ചാത്തലത്തില്‍ ഒട്ടും വൈകാതെ സര്‍വ്വകലാശാലാ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

DONT MISS
Top