സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 43.30 ശതമാനം വളര്‍ച്ച

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി മാത്യു വാര്‍ത്താ സമ്മേളനത്തിനിടെ. സമീപം ബാങ്ക് ചെയര്‍മാന്‍ സലിം ഗംഗാധരന്‍

കൊച്ചി: 2016-2017 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 111.38 കോടി രൂപ. അറ്റാദായത്തിലെ വളര്‍ച്ച 9.59 ശതമാനമാണെന്നും ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി മാത്യു കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രവര്‍ത്തന ലാഭത്തില്‍ 43.30 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വായ്പകള്‍ 11.41 ശതമാനം വര്‍ധിച്ചു. നിക്ഷേപങ്ങളിലെ വര്‍ധന 19.00 ശതമാനമാണ്. ആകെ ബിസിനസില്‍ 15.72 ശതമാനം, കറന്റ്-സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 33.96 ശതമാനം, എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 20.28 ശതമാനം, അറ്റ പലിശ ലാഭത്തില്‍ 2.65 ശതമാനം, ഇതര വരുമാനത്തില്‍ 68.61 ശതമാനം എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദവുമായുള്ള താരതമ്യത്തിലെ വളര്‍ച്ച.

മൊത്തം വായ്പ4,633 കോടി രൂപ വര്‍ധിച്ച് 45,234 കോടി രൂപയായി ഉയര്‍ന്നു (11.41 ശതമാനം വളര്‍ച്ച). എസ്എംഇ, ഭവന-കാര്‍ഷിക-വാഹന വായ്പകളിലും വസ്തുവിന്‍രെ ഈടിന്‍മേലുള്ള വായ്പകളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്തി ശതമാനമാകട്ടെ തൊട്ട് മുന്‍പത്തെ പാദത്തെ അപേക്ഷിച്ച് 2 ബിപിഎസ് വര്‍ധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി ശതമാനം 25 ബിപിഎസ് കുറയ്ക്കാനും കഴിഞ്ഞു.

കാര്‍ഷിക-എസ്എംഇ വായ്പകള്‍ 15.09 ശതമാനം വര്‍ധിച്ചു. ഭവന വായ്പകളിലും വസ്തു ഈടിന്‍മേലുള്ള വായ്പകളിലും 33.34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വാഹന വായ്പകളിലെ വളര്‍ച്ച 29.25 ശതമാനമാണ്.

നിക്ഷേപങ്ങള്‍ 10,153 കോടി രൂപ വര്‍ധിച്ച് 63,595 കോടി രൂപയായി ഉയര്‍ന്നു (19.00 ശതമാനം വളര്‍ച്ച). കറന്റ്-സേവിംഗ്‌സ് അക്കൗണ്ടില്‍ 4,197 കോടി രൂപയുടെ വര്‍ധനവോടെ 16,486 കോടി രൂപയായി (33.96 ശതമാനം വളര്‍ച്ച). മൊത്തം നിക്ഷേപങ്ങളുടെ 25.92 ശതമാനം ആണ് സിഎഎസ്എ. മൊത്തം നിക്ഷേപങ്ങളുടെ ശതമാനമെന്ന നിലയ്ക്ക് എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ 25.39 ശതമാനത്തില്‍ നിന്ന് 27.11 ശതമാനമായി. ഗള്‍ഫില്‍ നിന്നുള്ള എന്‍ആര്‍ഐ പണത്തില്‍ കുറവുണ്ടായെങ്കിലും ബാങ്കിന്റെ എന്‍ആര്‍ഐ നിക്ഷേപത്തില്‍ 20.28 ശതമാനം വര്‍ധനവുണ്ടായി.

മൊത്തം ബിസിനസ് 14,786 കോടി രൂപ വര്‍ധിച്ച് 108,829 കോടി രൂപയായി (15.72 ശതമാനം). സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇതര വരുമാനം മെച്ചപ്പെട്ടത് വഴി ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 113.90 കോടി രൂപയുടെ (43.30 ശതമാനം) വളര്‍ച്ചയും നികുതിയ്ക്ക് ശേഷമുള്ള ലാഭത്തില്‍ 9.75 കോടി രൂപയുടെ (9.59 ശതമാനം) വളര്‍ച്ചയും കൈവരിക്കാനായെന്നും പ്രവര്‍ത്തന ഫലം വിശദീകരിക്കവെ വി.ജി മാത്യു പറഞ്ഞു.

2016 ഡിസംബര്‍ 31-ലെ കണക്ക് പ്രകാരം ബാങ്കിന്റെ മൂലധന പര്യാപ്ത അനുപാതം 11.05 ശതമാനം ആണ്. 2016 ഡിസംബര്‍ 21-ന് ചേര്‍ന്ന ഡയറകടര്‍ ബോര്‍ഡ് യോഗത്തില്‍, ബിസിനസ് വിപുലീകരിക്കുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി നിലവിലെ ഓഹരിയുടമകള്‍ക്ക് റൈറ്റ്‌സ് ഇഷ്യു നടത്താന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു. 1:3 എന്ന അനുപാതത്തിലാണ് റൈറ്റ്‌സ് ഇഷ്യു നടത്തുക (3 ഇക്വിറ്റി ഓഹരികള്‍ക്ക് 1 ഇക്വിറ്റി ഓഹരി എന്ന അനുപാതത്തില്‍). ആവശ്യമായ അനുമതികള്‍ക്ക് വിധേയമായി, പ്രീമിയമായ 13 രൂപ അടക്കം ഇക്വിറ്റി ഓഹരികള്‍ക്ക് 14 രൂപയായിരിക്കും റൈറ്റ്‌സ് ഇഷ്യു നിരക്ക്.

2014-2015-ലെ എഫ്‌ഐഇഒ എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് അവാര്‍ഡ് (ദക്ഷിണ മേഖലയിലെ മികച്ച സാമ്പത്തിക സ്ഥാപന വിഭാഗത്തില്‍) സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലഭിച്ചിരുന്നു. കൂടാതെ ബാങ്കിംഗ് സാങ്കേതിക വിദ്യ രംഗത്തെ പുതുമകളെ ആദരിക്കുന്നതിനായി ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ഏര്‍പ്പെടുത്തിയ ഫിന്നവേറ്റിക് 2017 പുരസ്‌കാരം എസ്‌ഐബി മിറര്‍ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ കരസ്ഥമാക്കിയിരുന്നു. ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗം ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് ഐഎസ്ഒ 27001: 2013 സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുണ്ട്.

DONT MISS
Top