എഞ്ചിനിലെ കൃത്രിമം: 430 കോടി ഡോളര്‍ പിഴ നല്‍കാന്‍ തയ്യാറാണെന്ന് ഫോക്‌സ് വാഗണ്‍

വാഷിംഗ്ടണ്‍: തങ്ങളുടെ വാഹനങ്ങളിലെ എഞ്ചിനുകളില്‍ കൃത്രിമം കാണിച്ചതിന് 430 കോടി ഡോളര്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്ന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍. ആറ് ഉന്നത ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പിനിയുടെ കുറ്റസമ്മതം. കൃത്രിമം നടത്തിയത് പിടിക്കപ്പെടാതിരിക്കാന്‍ തെളിവ് നശിപ്പിച്ചതായും സമിതി കണ്ടെത്തിയിട്ടുണ്ട്.

കമ്പിനിയിലെ 40-ഓളം തൊഴിലാളികളാണ് തെളിവ് നശിപ്പിച്ചത്. മലിനീകരണ തോത് കുറച്ചു കാണിക്കാനാണ് കമ്പിനി എഞ്ചിനില്‍ കൃത്രിമം കാണിച്ചത്. വാഹന നിര്‍മ്മാതാക്കള്‍ക്ക് മേല്‍ ചുമത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് 430 കോടി ഡോളര്‍. അമേരിക്കന്‍ വിപണിയില്‍ ഇറക്കിയ ആറ് ലക്ഷത്തിലധികം കാറുകളിലെ ഡീസല്‍ എഞ്ചിനുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് ഫോക്‌സ് വാഗണ്‍ മലിനീകരണ തോത് കുറച്ചു കാട്ടിയത്. സര്‍ക്കാര്‍ പരിശോധന നടത്തുന്ന ഘട്ടങ്ങളില്‍ മലിനീകരണ നിയന്ത്രണ സംവിധാനം പ്രവര്‍ത്തിക്കുകയും അല്ലാത്തപ്പോള്‍ പ്രവര്‍ത്തന രഹിതമായിരിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ സംവിധാനം.

മലിനീകരണ പരിധിയുടെ 40 ഇരട്ടിയിലേറെയായിരുന്നു യഥാര്‍ത്ഥ തോത് എന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. എഞ്ചിന്റെ ക്ഷമത കൃത്രിമമായി കൂട്ടിക്കാണിച്ചാണ് കാറുകള്‍ വിപണിയില്‍ ഇറക്കിയത്. ആദ്യം ഇക്കാര്യം നിഷേധിച്ച കമ്പിനി വിദഗ്ധ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു.

DONT MISS
Top