മെഡിക്കൽ കോളെജിൽ ആളെ തികയ്ക്കാൻ രോഗികളായി ‘അഭിനയിക്കുന്നത്’ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ; പ്രതിഫലം ബിരിയാണിയും അറ്റൻഡൻസും, നെഹ്റു കോളെജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ രംഗത്ത്

പാലക്കാട്: നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള വാണിയംകുളത്തെ മെഡിക്കൽ കോളേജിൽ അധികൃതർ പരിശോധനകൾക്കെത്തുമ്പോൾ രോഗികളെന്ന വ്യാജേനെ കിടത്തി ചികിത്സിക്കുന്നത് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളേയും ജീവനക്കാരെയും. താനടക്കം നിരവധി തവണ പി കെ ദാസ് ആശുപത്രിയിൽ വ്യാജ രോഗിയായി കിടന്നിട്ടുണ്ടെന്ന് നെഹ്റു കോളേജ് വിദ്യാർത്ഥി റിപ്പോർട്ടറോട് വെളിപ്പെടുത്തി.

അഡ്മിഷൻ കാർഡ് ആശുപത്രി വാണിയംകുളത്തെ നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള പി കെ ദാസ് മെഡിക്കൽ കോളേജിൽ പരിശോധനകൾക്കായി ആരോഗ്യ സംഘം എത്തുമ്പോഴാണ് വ്യാജ രോഗികളെ മാനേജ്മെന്റ് ഉണ്ടാക്കിയെടുക്കുന്നത്. ഇൻസ്പെക്ഷൻ സമയത്ത് താനുൾപ്പെടെയുള്ള വിദ്യാർത്ഥിക്കുകയും അധ്യാപകരേയും ,ജീവനക്കാരേയും വ്യാജ രോഗികളായി ആശുപത്രിയിൽ മാനേജ്മെന്റ് നിർദ്ധേശ പ്രകാരം അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് നെഹ്റു കോളേജിലെ വിദ്യാർത്ഥി റിപ്പോർട്ടറോട് വെളിപ്പെടുത്തി.

രോഗവിവരം എന്താണെന്ന് ആശുപത്രിയിൽ എത്തിയാലെ അറിയൂ. വ്യാജ രോഗിയായി പോകുന്ന ദിവസം തങ്ങൾക്ക് അറ്റന്റൻസും , ബിരിയാണിയും മാനേജ്‌മെന്റ് നൽകും.  ഇതാരോടെങ്കിലും വെളിപ്പെടുത്തിയാൽ പിന്നെ തനിക്ക് ഈ കോളേജിൽ പഠിക്കാനാകില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. വ്യാജ രോഗികളായി ആശുപത്രിയിൽ കിടന്നവരുടെ രേഖകളും റിപ്പോര്‍ട്ടറിന് ലഭിച്ചു.

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. കോളെജില്‍ നിന്നുണ്ടായ പീഡനങ്ങളെത്തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ വാദം. നവമാധ്യമങ്ങളില്‍ പലതരത്തിലുള്ള പ്രതിഷേധങ്ങളും തുറന്നു പറച്ചിലുകളും ഇതിനകം ഉണ്ടായിട്ടുണ്ട്. അനാവശ്യമായ പിഴശിക്ഷകളുടേയും പീഡനങ്ങളുടേയും കഥകളാണ് ഇതിലൂടെ പുറത്തു വരുന്നത്.

അതേസമയം ജിഷ്ണുവിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പുതിയ സംഘം ഇന്ന് കോളെജിലെത്തും. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അതേസമയം ഹോസ്റ്റലിന് സമീപത്തെ ഓടയില്‍നിന്നും കണ്ടെടുത്ത കുറിപ്പ് ജിഷ്ണുവിന്റേതാണോ എന്നറിയാന്‍ഫോറസിക് പരിശോധനക്കയച്ചു.

ഇന്നലെ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.

വിദ്യാര്‍ത്ഥി റിപ്പോര്‍ട്ടറോട്; വീഡിയോ

DONT MISS
Top