“നാളെ ചിലപ്പോള്‍ ഞാന്‍ മരിച്ച് വീണേക്കാം, എങ്കിലും ആ മുഖം മൂടി ഇനി എനിക്ക് വേണ്ട”: റിപ്പോര്‍ട്ടറിന്റെ എഡിറ്റേഴ്‌സ് അവറില്‍ മുഖം മറയ്ക്കാതെ പ്രതികരിച്ച് നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി അതുല്‍ ജോസ്

അതുല്‍ ജോസ് എഡിറ്റേഴ്സ് അവറില്‍

പാലക്കാട്: “ഒരു പക്ഷെ എന്റെ കുടുംബാംഗങ്ങള്‍ എന്നെ ഒന്ന് നന്നായി കാണുന്നത് ഇന്നായിരിക്കും. നാളെ ചിലപ്പോള്‍ ഞാന്‍ മരിച്ച് വീണേക്കാം എങ്കിലും ആ മുഖം മൂടി ഇനി എനിക്ക് വേണ്ട”. റിപ്പോര്‍ട്ടറിന്റെ എഡിറ്റേഴ്‌സ് അവറില്‍ മുഖം മറക്കാതെ സധൈര്യം പ്രതികരിച്ച അതുല്‍ ജോസിന്റെ വാക്കുകള്‍ ഒരിക്കല്‍ പോലും ഇടറിയില്ല. നെഹ്‌റു കോളേജ് മാനേജ്‌മെന്റിനെ തന്റെ വാക്കുകളാല്‍ തീ പടര്‍ത്തി അതുല്‍ വെല്ലുവിളിച്ചു. നെഹ്‌റു കോളേജില്‍ ഇടി മുറിയില്ലെന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാവിന്റെ വാദം തീര്‍ത്തും ദുര്‍ബലമായതും അതുലിന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ്.

“ഞാന്‍ ഈ വേദിയില്‍ മുഖം മൂടിയില്ലാതെ വരാന്‍ പ്രധാന കാരണം ഇപ്പോള്‍ എന്റെ ഈ ചിരിച്ചിരിക്കുന്ന മുഖത്തില്‍ എന്നെ എന്റെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇതുപോലെ കാണാന്‍ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. പ്രതിഷേധിച്ചതിന്റെ പേരില്‍ ഞങ്ങള്‍ക്ക് പലരീതിയില്‍ പലസ്ഥലത്തു നിന്നും ഞങ്ങള്‍ക്ക് ഭീഷണികള്‍ വരുന്നുണ്ട്. അത് ജീവന്റെ ഭീഷണിയാകാം, ഭാവിയുടെ ഭീഷണിയാകാം. എന്റെ സുഹൃത്തുക്കളും വീട്ടുകാരും എന്നെ നല്ലരീതിയില്‍ ഒന്ന് കണ്ടോട്ടെ എന്ന് കരുതിയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലൈവ് ചര്‍ച്ചയില്‍ പങ്കെടുത്തത്”. അതുല്‍ പറഞ്ഞു.

ചര്‍ച്ചക്ക് ക്ഷണിച്ച അഭിലാഷ് മോഹനോട് ആദ്യം തന്നെ അതുല്‍ ആവശ്യപ്പെട്ടത് തന്റെ മുഖം പുറത്ത് കാട്ടി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ മുഖം മറച്ചിരിക്കുന്നത് തങ്ങളുടെ കോളേജിലെ വിദ്യാര്‍ത്ഥികളാണെന്ന് ഉറപ്പില്ലെന്നായിരുന്നു മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം വരെ വാദിച്ചത്. ഇതാണ് ഒരു നിമിഷം കൊണ്ട് നെഹ്‌റു കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി പൊളിച്ചടുക്കിയത്. ധൈര്യക്കൂടുതല്‍ കൊണ്ടല്ല മറിച്ച് മൊത്തം വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകാനാണ് താന്‍ മുഖം വലിച്ചെറിഞ്ഞ് പ്രത്യക്ഷപ്പെട്ടതെന്നാണ് അതുലിന്റെ നിലപാട്. അതുലിന് പിന്തുണയുമായി മാനേജ്‌മെന്റിനെ കളിയാക്കി ട്രോളുകളും ഇതിനകം തന്നെ നവ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. അതുലില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് നെഹ്‌റു കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളാണ് നേരില്‍ പ്രതികരിക്കാന്‍ തയ്യാറായി രംഗത്ത് വന്നിട്ടുള്ളത്.

DONT MISS
Top